തിരുവനന്തപുരം: പത്തുവർഷത്തിനു ശേഷം അധികാരം കിട്ടിയതിനു പിന്നാലെ കോൺഗ്രസിലും ഘടകകക്ഷികളിലും മന്ത്രിസ്ഥാന ചർച്ചകൾ കൊഴുക്കുന്നു. മുഖ്യമന്ത്രി ആരാകും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കോൺഗ്രസിൽ മന്ത്രിമാരെ നിശ്ചയിക്കുക. ഈ കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെയും കെപിസിസി നേത്യത്വത്തിന്റെ ഇടപെടലുകളും നിർണായകമാണ്.
ഇപ്പോഴത്തെ നിലയിൽ 21 അംഗ മന്ത്രിസഭയ്ക്കാണ് സാധ്യത. ഇതിൽ പത്ത് മന്ത്രിപദവിയെങ്കിലും ഘടകകക്ഷികൾക്ക് നൽകും.കൂടാതെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ ചീഫ് വിപ്പ് തുടങ്ങിയ പദവികളും കോൺഗ്രസും ഘടകക്ഷികളും തമ്മിൽ വീതിച്ചെടുക്കും. കോൺഗ്രസിന് ലഭിക്കുന്ന 11 മന്ത്രി പദവികളിൽ പലവിധ പരിഗണനകൾ വേണ്ടിവരും.
ഇപ്പോഴത്തെ നിലയിൽ രമേശ് ചെന്നിത്തലയാണ് എംഎൽഎമാരിൽ ഏറ്റവും സീനിയർ. തിരുവഞ്ചൂർ രാധാകൃഷ്ണനും കെ. മുരളീധരനും തൊട്ടടുത്തുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ നിരയിലുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്ന് കെ. മുരളീധരൻ കൂടാതെ സി.പി.ജോൺ ഘടകകക്ഷി പ്രതിനിധി എന്ന നിലയിൽ മന്ത്രിസഭയിൽ ഇടം പിടിക്കും.
എം.വിൻസെന്റും എറണാകുളത്തുനിന്നുള്ള ടി.എസ്. വിനോദും മന്ത്രികസേരയ്ക്കായി രംഗത്തുണ്ട്. കൊല്ലം ജില്ലയിൽ നിന്ന് ബിന്ദു കൃഷ്ണയും വിഷ്ണുനാഥും രംഗത്തുണ്ട്. വിഷ്ണുനാഥിനെ സ്പീക്കർ പദവിയിലേക്കും പരിഗണിക്കുന്നുണ്ട്. കായംകുളത്തുനിന്ന് ജയിച്ച ലിജു, മുവാറ്റുപുഴയിൽ നിന്നുള്ള മാത്യു കുഴൽനാടൻ,തൃത്താലയിൽ നിന്നുള്ള വി.ടി.ബാൽറാം, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മലപ്പുറത്തു നിന്നുള്ള എ.പി. അനിൽകുമാർ, വയനാട്ടിൽ നിന്നുള്ള ടി.സിദ്ദിക്ക് എന്നിവർക്കെല്ലാം ഏറെക്കുറെ മന്ത്രിസ്ഥാനം ഉറപ്പാണ്.
സണ്ണി ജോസഫിനെ മന്ത്രി പദവിയിൽ പരിഗണിച്ചില്ലെങ്കിൽ അങ്കമാലിയിൽ നിന്നുള്ള റോജി എം. ജോണായിരിക്കും മന്ത്രിയാകുക. സ്വതന്ത്രന്മാരെ പരിഗണിക്കുകയാണെങ്കിൽ അമ്പലപ്പുഴയിൽ ജയിച്ച ജി. സുധാകരനു തന്നെയായിരിക്കും ആദ്യപരിഗണന മുസ്ലിം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകും. പി.കെ.കുഞ്ഞാലിക്കുട്ടിയെ കൂടതെ പി.കെ. ബഷീർ, മഞ്ഞളാംകുഴി അലി, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം. ഷാജി , എൻ.ഷംസുദീൻ എന്നിവരാണ് പരിഗണനയിലുള്ളത്.
കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫിനാണ് ആദ്യപരിഗണന. മറ്റു പദവികൾ കിട്ടുകയാണെങ്കിൽ ഇരിങ്ങാലക്കുടയിൽ നിന്നുള്ള തോമസ് ഉണ്ണിയാടന് സാധ്യതയുണ്ട്. പി.ജെ. ജോസഫിന്റെ മകനായ അപു ജോസഫിന് മന്ത്രി പദവിയിൽ താൽപര്യമുണ്ടെങ്കിൽ മുന്തിയ പരിഗണന കിട്ടിയേക്കും.
ആർഎസ്പിയിലെ ഷിബു ബേബിജോണും മന്ത്രി പദവി ഉറപ്പിച്ചു. ഒരു എംഎൽഎ മാത്രമുള്ള കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് മന്ത്രി പദവി കിട്ടുമോയെന്ന് ഇപ്പോൾ പറയാൻ ആകില്ല. ഒറ്റക്കക്ഷികൾക്ക് രണ്ടരവർഷം വീതം നൽകുകയാണെങ്കിൽ അനൂപും വടകരയിൽ നിന്നുള്ള കെ.കെ.രമയും പരിഗണനയിൽ വന്നേക്കും.
കെ.കെ.രമയെ ഡെപ്യൂട്ടി സ്പീക്കറായി പരിഗണിക്കണമെന്ന് അഭിപ്രായവും സജീവമാണ്. സ്പീക്കർ പദവി കോൺഗ്രസ് ഏറ്റെടുക്കും. സീനിയർ നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ സ്പീക്കർകൂടിയായ എൻ.ശക്തൻ, പി.സി വിഷ്ണുനാഥ് എന്നിവരുടെ പേരാണ് പരിഗണനയിൽ.



