ഇന്ത്യയ്ക്ക് മേൽ ഉയർന്ന തീരുവ ചുമത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പരോക്ഷമായി സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് യുഎസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
ഇന്ത്യയുടെ താരിഫ് നിരക്ക് ട്രംപ് 50 ശതമാനമായി ഇരട്ടിയാക്കിയതായി അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു .നിലവിലുള്ള 25 ശതമാനത്തിന് മുകളിൽ 25 ശതമാനം ലെവി കൂടി ചേർത്താണിത് ഉയർത്തിയത്. റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് മോസ്കോയെ ഞെരുക്കാനുള്ള ഭരണകൂടത്തിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് അവർ ഈ നീക്കത്തിന് രൂപം നൽകിയത്.
“ഈ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് വലിയ തോതിൽ പൊതുജന സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. നിങ്ങൾ കണ്ടതുപോലെ, ഇന്ത്യയ്‌ക്കെതിരായ ഉപരോധങ്ങളും മറ്റ് നടപടികളും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്.” മോസ്കോയിൽ ദ്വിതീയ സമ്മർദ്ദം പ്രയോഗിക്കുക എന്നതായിരുന്നു ഉദ്ദേശ്യമെന്നും അവർ കൂട്ടിച്ചേർത്തു.