ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിൽ നമ്മ മെട്രോ വഹിക്കുന്ന പങ്ക് ചെറുതല്ല. ബെംഗളൂരു നഗരത്തിലെ യാത്രാക്കുരുക്കിൽ അകപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താൻ ആളുകൾ ആശ്രയിക്കുന്നത് ബെംഗളൂരു മെട്രോ സർവീസുകളെയാണ്. നിരത്തിലെ തിരക്ക് കണക്കിലെടുത്തും ബെംഗളൂരുവിൻ്റെ ഭാവിയും മുന്നിൽ കണ്ട് നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് മെട്രോ സർവീസ് വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

നമ്മ മെട്രോ സർവീസുകൾ വ്യാപിപ്പിക്കുമ്പോഴും ബെംഗളൂരു സബർബൻ റെയിൽവേ പ്രോജക്ടിന് (ബിഎസ്ആർപി) എന്താണ് സംഭവിച്ചതെന്ന ചോദ്യം ജനങ്ങളിൽ നിന്ന് ഉയരുകയാണ്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കും എന്നതാണ് സബർബൻ റെയിൽവേ പദ്ധതികളുടെ നേട്ടം. മുംബൈ, ചെന്നൈ അടക്കമുള്ള ഏറെ തിരക്കുള്ള നഗരങ്ങളിൽ സബർബൻ ട്രെയിനുകളുടെ വിജയം അതിശയിപ്പിക്കുന്നതാണ്. എന്നാൽ ബെംഗളൂരുവിൽ സബർബൻ പദ്ധതി വൈകുന്നതിന് കാരണം ഭൂമി ഏറ്റെടുക്കുന്നതിലെ കാരണങ്ങൾ സർക്കാർ വ്യക്തമാക്കി.

സബർബൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസവും റെയിൽവേയുടെ കൈവശമുള്ള സ്ഥലങ്ങൾ ഒഴിപ്പിക്കുന്നതിലെ വീഴ്ചയുമാണെന്ന് സർക്കാർ റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ വേഗത കുറയ്ക്കുന്നതാണ് ഈ പ്രതിസന്ധി. കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപറേഷൻ (K-Ride) പദ്ധതിക്ക് ആവശ്യമായ ഭൂമി കൈമാറുന്നതിലും തടസ്സങ്ങളില്ലാത്ത പ്രവർത്തന സ്ഥലങ്ങൾ നൽകാത്തതിലും പരാജയപ്പെട്ടതോടെ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ എൽ&ടി കരാർ റദ്ദാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം പദ്ധതിയുടെ പ്രവർത്തനങ്ങളുടെ തടസ്സമായെന്ന് അധികൃതർ പറഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ച മന്ത്രിസഭ അംഗീകരിച്ച 16,000 കോടി രൂപയുടെ പദ്ധതിയുടെ രണ്ടാം ഘട്ടമായ കോറിഡോറുകൾ 2, 4 എന്നിവയുടെ പുനർ ടെൻഡറിങ് നടപടികളുമായി ബന്ധപ്പെട്ട റിപ്പോർട്ട് അനുസരിച്ച് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചത് ഈ രണ്ട് കോറിഡോറുകൾക്കും ആകെ 283.1 ഏക്കർ ഭൂമി ആവശ്യമുണ്ടെന്നാണ്. ഇതിൽ 218.5 ഏക്കർ K-Ride ക്ക് കൈമാറിയിട്ടുണ്ട്. ബാക്കിയുള്ള ഭൂമി 2023 മുതൽ നടപടിക്രമങ്ങൾ പൂർത്തിയാകാതെ കിടക്കുകയാണ്.

കോറിഡോർ 2 ഏകദേശം 9 കിലോമീറ്റർ നീളമുള്ളതാണ്. കോറിഡോർ 4 ഏകദേശം 12 കിലോമീറ്റർ നീളമുള്ളതാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം ഈ രണ്ട് ഭാഗങ്ങളിലെയും ജോലികളെ ബാധിക്കുന്നു. റെയിൽവേയുടെ നിർദേശ പ്രകാരം അലൈൻമെൻ്റിൽ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്ന് അധിക സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ K-Ride, KIADB യോട് സഹായം അഭ്യർഥിച്ചിട്ടുണ്ട്. റെയിൽവേയുടെ ട്രാക്കുകൾ നാല് ട്രാക്കുകളായി വികസിപ്പിക്കാനുള്ള സെപ്റ്റംബർ 2023 ലെ തീരുമാനം പദ്ധതിയെ 4.6 മീറ്റർ പുറത്തേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. ഇതിന് 7.5 ഏക്കർ അധിക സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്,

ഭൂമി വില വർധനവ് ഒരു വലിയ സാമ്പത്തിക ആശങ്കയായി മാറിയിട്ടുണ്ട്. കോറിഡോർ 2 ന് ആവശ്യമായ 5.8 ഏക്കറും കോറിഡോർ 4 ന് ആവശ്യമായ 49.4 ഏക്കറും കെഐഎഡിബി ഇതുവരെ ഏറ്റെടുത്തിട്ടില്ല. യഥാർഥ പ്രോജക്ട് റിപ്പോർട്ടിൽ ഭൂമി ഏറ്റെടുക്കൽ പുനരധിവാസം എന്നിവയ്ക്കായി 1,470 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഭൂമി ഏറ്റെടുക്കൽ ചെലവ് ഏകദേശം 5,000 കോടി രൂപയായി ഉയർന്നു. ഇന്ത്യൻ റെയിൽവേയും കർണാടക സർക്കാരും തമ്മിലുള്ള കരാർ പ്രകാരം ഭൂമി ഏറ്റെടുക്കലിൻ്റെ മുഴുവൻ ചെലവും സംസ്ഥാനം വഹിക്കണം.

ഈ സാമ്പത്തിക പ്രതിസന്ധി മറ്റ് കോറിഡോറുകളെയും ബാധിച്ചിട്ടുണ്ട്. ധനകാര്യ വകുപ്പ്, ഐഡിഡിയോടും K-Ride യോടും കോറിഡോറുകൾ 1, 3 എന്നിവയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേയുടെ ഭാഗത്തുനിന്നുള്ള അലൈൻമെൻ്റ് ഡ്രോയിംഗുകൾക്ക് അനുമതി ലഭിക്കാനുള്ള കാലതാമസം കാരണം ഈ ലൈനുകളിലെ ഭൂമി ഏറ്റെടുക്കൽ നിർത്തിവെച്ചിരിക്കുകയാണ്. കോറിഡോർ 2 ൽ കണ്ടെത്തിയ 266 അതിർത്തി ലംഘനങ്ങളിൽ 153 എണ്ണം ഇതുവരെയും ഒഴിപ്പിച്ചിട്ടില്ല. കോറിഡോർ 4 ൽ 25 അതിർത്തി ലംഘനങ്ങളുണ്ട്. റെയിൽവേയുടെ 17 ക്വാർട്ടേഴ്‌സുകളിൽ നാലെണ്ണം കോറിഡോർ 4 ലെ ജോലികൾക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. പ്രതിരോധ വകുപ്പിൻ്റെ ഭൂമി സാധ്യതാ പഠനത്തിൽ ഉൾപ്പെടുത്താത്തതും പ്രതിരോധ വകുപ്പിൽ നിന്ന് അനുമതി ലഭിക്കാനുള്ള കാലതാമസവും മറ്റ് തടസ്സങ്ങളായി റിപ്പോർട്ടിൽ പറയുന്നു.