ബാങ്ക് അക്കൗണ്ട് തുറക്കുന്നതിൽ നിന്നും ഇൻകം ടാക്സ് ഫയൽ ചെയ്യുന്നതുവരെ ഇന്ന് പാൻ കാർഡ് അനിവാര്യമായ ഒരു രേഖയായി മാറിയിരിക്കുകയാണ്. എന്നാൽ പാൻ കാർഡിലെ 10 അക്ക അൽഫാന്യുമറിക് നമ്പർ വെറും ഒരു റാൻഡം കോഡാണെന്ന് കരുതുന്നവരാണ് പലരും. യഥാർത്ഥത്തിൽ, ആ നമ്പറിലെ ഓരോ അക്ഷരത്തിനും ഒരു പ്രത്യേക അർത്ഥമുണ്ട്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു രഹസ്യകോഡാണ് PAN നമ്പർ. അതിലെ ഓരോ ഭാഗവും എന്താണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം.

ആദായനികുതി വകുപ്പ് വളരെ കൃത്യമായ ഒരു ഫോർമുല ഉപയോഗിച്ചാണ് ഈ Permanent Account Number (PAN) നിർമ്മിക്കുന്നത്. PAN നമ്പർ സാധാരണയായി ഇങ്ങനെ കാണാം, ABCDE1234F. ഇതിൽ ആദ്യത്തെ മൂന്ന് അക്ഷരങ്ങൾ (AAA മുതൽ ZZZ വരെ) സീരിയൽ ക്രമത്തിൽ നൽകുന്ന അക്ഷരങ്ങളാണ്. നാലാമത്തെ അക്ഷരം നിങ്ങളുടെ പാൻ കാർഡ് ഏത് വിഭാഗത്തിൽപ്പെടുന്നതാണെന്ന് വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ‘P’ എന്നത് Individual (വ്യക്തി), ‘C’ Company, ‘H’ Hindu Undivided Family (HUF), ‘F’ Firm, ‘A’ Association of Persons (AOP) എന്നിവയെ സൂചിപ്പിക്കുന്നു.

ഈ അക്ഷരം നിങ്ങൾ ആരാണെന്ന് വെളിപ്പെടുത്തുന്നു.

P – Individual (നിങ്ങൾ ഒരു വ്യക്തിയാണെന്ന് അർത്ഥം)

C – Company (കമ്പനികൾക്ക്)

H – Hindu Undivided Family (HUF)

F – Firm (പങ്കാളിത്ത സ്ഥാപനങ്ങൾ)

T – Trust (ട്രസ്റ്റുകൾ)

അഞ്ചാമത്തെ അക്ഷരം നിങ്ങളുടെ ഇനീഷ്യലിനെ (Surname) സൂചിപ്പിക്കുന്നു. നിങ്ങളുടെ സർപ്പേരിലെ ആദ്യ അക്ഷരമായിരിക്കും ഇത്. ഉദാഹരണത്തിന്, നിങ്ങളുടെ പേര് ‘Rahul Kumar’ എന്നാണെങ്കിൽ അഞ്ചാമത്തെ അക്ഷരം ‘K’ ആയിരിക്കും. അടുത്ത നാല് അക്കങ്ങൾ (1234), ഇത് 0001 മുതൽ 9999 വരെയുള്ള ക്രമത്തിൽ വരുന്ന നമ്പറുകളാണ്.

അവസാന അക്ഷരം ഒരു ‘ആൽഫബെറ്റ് ചെക്ക് ഡിജിറ്റ്’ (Alphabet check digit) ആണ്. മുൻപുള്ള ഒൻപത് അക്കങ്ങളെ അടിസ്ഥാനമാക്കി ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ നിശ്ചയിക്കുന്ന അക്ഷരമാണിത്.