പശ്ചിമ ബംഗാളിൽ തുടർച്ചയായ നാലാം തവണയും മുഖ്യമന്ത്രിയാകാൻ ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്കെതിരേ കരുക്കൾ നീക്കി ബി.ജെ.പി. എസ്.ഐ.ആറിലൂടെ 63 ലക്ഷം പേരെ വോട്ടർ പട്ടികയിൽനിന്ന് നീക്കിയത് എന്ത് പ്രതിഫലനം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ തൃണമൂലിനും ബി.ജെ.പിക്കും ലഭിച്ച വോട്ടുകളുടെ വ്യത്യാസത്തേക്കാൾ കൂടുതലാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ ബംഗാളിൽ റാലികൾ നടത്തും. ഭരണവിരുദ്ധ വികാരം മമതയെ വീഴ്ത്തുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ.

ബംഗാളിന് പുറത്തുനിന്നുള്ളവർ പ്രശ്നമുണ്ടാക്കാൻ വരുന്നു എന്ന മമതയുടെ ആരോപണത്തെ പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയമിച്ച സമിക് ഭട്ടാചാര്യയെ മുന്നിൽനിർത്തി നേരിടാനാണ് ബി.ജെ.പി നീക്കം. അധ്യാപക നിയമന അഴിമതിക്കേസിൽ സുപ്രീംകോടതി 25,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയത് ബി.ജെ.പിയുടെ പ്രധാന ആയുധമാകും.

കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ഉൾപ്പെടെ സംസ്ഥാനത്തെ ലൈംഗിക അതിക്രമങ്ങളും പ്രതിപക്ഷം ഉന്നയിക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 294 അംഗ സഭയിൽ തൃണമൂൽ കോൺഗ്രസ് 215 സീറ്റുകൾ നേടി. ബി.ജെ.പി 77 സീറ്റുകളുമായി രണ്ടാമതെത്തി. മൂന്നര പതിറ്റാണ്ട് ഭരിച്ച സി.പി.എമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല. കോൺഗ്രസും സഖ്യകക്ഷികളും അക്കൗണ്ട് തുറന്നില്ല.

ഏപ്രിൽ 23, 29 തീയതികളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന് പാർട്ടികൾ നേരത്തേതന്നെ ഒരുക്കം ആരംഭിച്ചിട്ടുണ്ട്. 2011ൽ മൂന്നര പതിറ്റാണ്ടിലെ ഇടതുഭരണത്തെ അട്ടിമറിച്ച് അധികാരത്തിലേറിയ മമത ബാനർജി ശക്തമായ പാർട്ടി അടിത്തറയും ക്ഷേമ പദ്ധതികളിലൂടെ ആകർഷിച്ച വോട്ട് ബാങ്കും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ന്യൂനപക്ഷ വോട്ട് തനിക്കൊപ്പമാണെന്ന ആത്മവിശ്വാസവും അവർക്കുണ്ട്. അതേസമയം, ബിഹാറിൽ എസ്.ഐ.ആറിന് ശേഷം ആദ്യമായി നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കൂറ്റൻ വിജയം നേടിയത് മമതയെ അസ്വസ്ഥയാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമീഷനെ രൂക്ഷമായി വിമർശിച്ച് അവർ രംഗത്തെത്തിയിരുന്നു. എന്നാൽ, വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള സാധാരണ നടപടിക്രമം മാത്രമാണിതെന്നാണ് കമീഷൻ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായാണ് ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. പണച്ചെലവും ജനങ്ങളുടെ ആവേശം തണുക്കും എന്നതും ചൂണ്ടിക്കാട്ടി ഇത്തവണ ചുരുക്കാൻ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുകയായിരുന്നു.