തൃശൂര്‍: മുൻ കെസിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയെ ബിജെപിയിലേയ്ക്കു ക്ഷണിച്ച് ബിജെപി ദേശീയ കൗൺസിൽ അംഗം പദ്മജ വേണുഗോപാല്‍. സുധാകരന് വഴിയാധാരമാകില്ലെന്നും പദ്മജ പറഞ്ഞു.
നിരവധിപേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയാറായി നില്‍ക്കുകയാണെന്നും കെ. കരുണാകരനോട് അനീതി കാണിച്ചവര്‍ കെ. സുധാകരനോട് അനീതി കാട്ടുന്നതില്‍ അതിശയമില്ലെന്നും പദ്മജ പറഞ്ഞു. കോൺഗ്രസും മുന്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും തമ്മിലുള്ള കണ്ണൂരിലെ സീറ്റ് തർക്കത്തിനിടെയാണു പദ്മജയുടെ ക്ഷണം.
“നിലവിലെ സാഹചര്യത്തില്‍, സുധാകരേട്ടന് ഉള്‍പ്പടെയുള്ളവര്‍ക്കു കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്. മരണംവരെ തൃശൂരിലെ തോല്‍വിയില്‍ കരുണാകരനു വേദനയായിരുന്നു. സുധാകരനെപ്പോലുള്ള ആളുകള്‍ ബിജെപിയിലേക്കു വരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്.
കോണ്‍ഗ്രസ് ഉണ്ടാക്കിയ കെ. കരുണാകരന്റെ മകളോട് ഇങ്ങനെ കാണിക്കാമെങ്കില്‍ കെ. സുധാകരനോട് ഇങ്ങനെ കാണിക്കുന്നതില്‍ എന്താണ് അതിശയം. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നപ്പോഴും വളരെ അടുപ്പമുണ്ടായിരുന്ന ആളാണു സുധാകരേട്ടൻ”- പദ്മജ പറഞ്ഞു.



