ശരീരഭാരം കുറയ്ക്കുക എന്നത് അമിതവണ്ണമുള്ളവരിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പാണ്. ഇതിനായി ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രണ്ട് രീതികളാണ് വെയ്റ്റ് ലോസ് ഇഞ്ചക്ഷനുകളും (ഉദാഹരണത്തിന് Wegovy, Ozempic), ബാരിയാട്രിക് ശസ്ത്രക്രിയയും (Bariatric Surgery). ഓസെംപിക് , മൗഞ്ചാരോ പോലുള്ള ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകൾ ലോകമെമ്പാടും കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവുമുള്ള രോഗികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ഹൃദയ സംരക്ഷണം നൽകുന്നതിനെക്കുറിച്ചുള്ള ഒരു പുതിയ പഠനം വീണ്ടും ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. മരുന്ന് അല്ലെങ്കിൽ ശസ്ത്രക്രിയ. ഒബിസിറ്റി സർജറി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ഹൃദയ സംബന്ധമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിന് മെറ്റബോളിക്, ബാരിയാട്രിക് ശസ്ത്രക്രിയകൾ കൂടുതൽ ഫലപ്രദമാകാം.
ഈ പഠനം ഒരു മെറ്റാ-അനാലിസിസ് ആയിരുന്നു. അതിൽ, Semaglutide, Tirzepatide പോലുള്ള GLP-1 മരുന്നുകൾ ഉപയോഗിച്ച രോഗികളെയും മെറ്റബോളിക്/ബാരിയാട്രിക് ശസ്ത്രക്രിയ നടത്തിയ രോഗികളെയും തമ്മിൽ ദീർഘകാല ഫലങ്ങളുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്തു. ഫലങ്ങൾ പ്രകാരം, ശസ്ത്രക്രിയ നടത്തിയവരിൽ പ്രധാന കാർഡിയോവാസ്കുലാർ സംഭവങ്ങൾ (ഹൃദയാഘാതം, സ്ട്രോക്ക്) ഉണ്ടാകാനുള്ള സാധ്യത കൂടുതൽ കുറയുകയും, മൊത്തത്തിലുള്ള മരണനിരക്ക് കുറഞ്ഞതായി കണ്ടെത്തുകയും ചെയ്തു.



