കുംഭമേള വൈറൽ താരമായ മൊണാലിസ ഭോസ്‌ലെയും ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാൻയും തമ്മിൽ കേരളത്തിൽ നടന്ന വിവാഹത്തിൽ പുതിയ പ്രശ്നം. മൊണാലിസയ്ക്ക് 18 വയസ് തികഞ്ഞിട്ടില്ലെന്നും 16 വയസാണെന്നും സൂചിപ്പിക്കുന്ന ജനന സർട്ടിഫിക്കറ്റ് പുറത്തുവന്നതാണ് പുതിയ വഴിത്തിരിവായത്.

മദ്ധ്യപ്രദേശ് സർക്കാരിന്റെ പേരിലുള്ള ജനന സർട്ടിഫിക്കറ്റാണ് പുറത്തുവന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി പ്രകാരം മൊണാലിസയ്ക്ക് നിലവിൽ 16 വയസ്സിന് മുകളിൽ മാത്രമാണുള്ളത്.

മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂരിലെ നയിനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. എന്നാൽ, പ്രായത്തെക്കുറിച്ചുള്ള ആരോപണങ്ങൾ വിവാഹത്തിന് ശേഷം ഇരുവരും നിഷേധിച്ചിരുന്നു. മൊണാലിസയ്ക്ക് 18 വയസ് പൂർത്തിയായെന്ന ഉറപ്പോടെ തന്നെയാണ് വിവാഹം നടത്തിയതെന്ന് പൊലീസ് വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പുറത്തുവന്ന ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ഇതിന് വിരുദ്ധമായ സാഹചര്യത്തിൽ, സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമായതായി വിലയിരുത്തപ്പെടുന്നു. സംഭവത്തിൽ മദ്ധ്യപ്രദേശ് ഭാഗത്ത് നിന്ന് നിയമനടപടികൾക്കും സാധ്യതയുണ്ടെന്നാണ് സൂചന.