അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ 36°C പ്രഖ്യാപിച്ചു .
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകൾ ഒഴികെ ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും അനുഭവപ്പെടുന്ന കാലാവസ്ഥ ഉണ്ടായേക്കും.രാവിലെ 10 മുതൽ വൈകിട്ട് 3 വരെ അൾട്രാവയലറ്റ് സൂചിക ഉയർന്ന നിലയിലാണ് രേഖപ്പെടുത്തുന്നത്. അതിനാൽ ഈ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കാൻ നിർദേശം നൽകി.
തുടർച്ചയായി UV രശ്മികൾ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗത തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ-നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശത്തിൽ പറയുന്നു



