ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ഫലപ്രദമായി വിജയിച്ചുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ബുധനാഴ്ച കെന്റക്കിയിലെ ഹെബ്രോണിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഫലം നിശ്ചയിക്കപ്പെട്ടതായും അമേരിക്കൻ സൈന്യം ലക്ഷ്യം പൂർത്തിയാക്കാൻ അവിടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു യുദ്ധത്തിൽ ജയിച്ചുവെന്ന് നേരത്തെ പറയുന്നത് അത്ര നല്ലതല്ലെങ്കിലും ഈ പോരാട്ടത്തിൽ ആദ്യ മണിക്കൂറിൽ തന്നെ നമ്മൾ വിജയിച്ചു കഴിഞ്ഞുവെന്ന് ട്രംപ് അനുയായികളോട് പറഞ്ഞു.
ആക്രമണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ ഇറാന്റെ നാവിക ശേഷിയെ അമേരിക്കൻ സൈന്യം തകർത്തതായി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഏകദേശം 58 ഇറാനിയൻ കപ്പലുകൾ തങ്ങൾ തകർത്തു. ടെഹ്‌റാന്റെ സൈനിക ശേഷിക്ക് ഏറ്റ ഏറ്റവും വലിയ പ്രഹരമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.



