രാവിലെ ഉണരുമ്പോൾ ആദ്യം ചായ കുടിക്കുന്നത് പലരുടെയും ദിനചര്യയുടെ ഭാഗമാണ്. എന്നാൽ ഇത് എല്ലാവർക്കും ഉചിതമായ ശീലമല്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വെറും വയറ്റിൽ ചായ കുടിക്കുന്നത് ദഹനത്തെയും കുടലിന്റെ ആരോഗ്യത്തെയും പോഷകങ്ങളുടെ ആഗിരണത്തെയും എങ്ങനെ ബാധിക്കുമെന്ന് സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ എൻഡോസ്കോപ്പി അഡീഷണൽ ഡയറക്ടർ ഡോ. സനിൽ പരീഖ് വിശദീകരിക്കുന്നു.
ചായയിൽ അടങ്ങിയിരിക്കുന്ന കഫീനും ടാനിനുകളും വെറും വയറ്റിൽ കഴിക്കുമ്പോൾ വയറിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും ഓക്കാനം, അസിഡിറ്റി, വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. കൂടാതെ, ചായയുടെ ഡൈയൂററ്റിക് സ്വഭാവം കാരണം ഉറക്കത്തിനു ശേഷം ശരീരത്തിൽ ജലാംശം കുറഞ്ഞിരിക്കുന്ന സമയത്ത് നിർജ്ജലീകരണം വർദ്ധിപ്പിക്കാൻ ഇത് കാരണമാവാം. കഫീൻ അമിതമായി കഴിക്കുന്നത് ചിലരിൽ ഉത്കണ്ഠ, സമ്മർദ്ദം, അസ്വസ്ഥത എന്നിവയ്ക്കും കാരണമാവാം.



