തൊടുപുഴ: മിടുക്കിയായ ഇടുക്കിയെ കാണാൻ തിരക്കോട് തിരക്ക്. ജില്ലയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഏഴുമാസത്തിനിടെ എത്തിയത് ഇരുപത് ലക്ഷത്തോളം പേരാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കണക്കനുസരിച്ചാണിത്. മറ്റ് ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കൂടിയെടുത്താൽ ഇത് ഇരട്ടിയാകും. കോവിഡിന് ശേഷം ഇതാദ്യമായാണ് സഞ്ചാരികളുടെ എണ്ണം ഇത്രയും ഉയരുന്നത്.

കനത്തമഴ മൂലം വിനോദസഞ്ചാരകേന്ദ്രങ്ങൾ ആകെ 15 ദിവസത്തോളം അടച്ചിട്ടിരുന്നു. എങ്കിലും ബാക്കി ദിവസങ്ങളിൽ സഞ്ചാരികൾ ഇടുക്കിയിലേക്ക് ഒഴുകി. ഈ വർഷം ജൂലായ് വരെയുള്ള കണക്കുകൾ പ്രകാരം 19,42,354 പേർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) കീഴിലുള്ള പന്ത്രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചു. സാധാരണ ഈ സമയത്ത് സഞ്ചാരികൾ കുറവാണ്. കഴിഞ്ഞ വർഷം ആകെ ഈ കേന്ദ്രങ്ങളിലെത്തിയത് 33 ലക്ഷം പേരാണ്. ഓണക്കാലമാകുന്നതോടെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകുമെന്ന് ഡിടിപിസിയും ടൂറിസം വകുപ്പ് പറയുന്നു.

വാഗമണ്ണാണ് പ്രിയം
പ്രിയപ്പെട്ട കേന്ദ്രം വാഗമണ്ണാണ്. പുൽമേടും മൊട്ടക്കുന്നുകളും (വാഗമൺ മീഡോസ്) കാണാൻ 5,43,979 സഞ്ചാരികളും, വാഗമൺ അഡ്വഞ്ചർ പാർക്കിൽ 5,08,505 പേരും എത്തി. ജനുവരി, മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഒരുലക്ഷത്തിലേറെ സഞ്ചാരികളാണ് വാഗമണ്ണിന്റെ സൗന്ദര്യമാസ്വദിക്കാൻ എത്തിയത്.

മൊട്ടക്കുന്നുകളും പുൽമേടുകളും തേയില തോട്ടങ്ങളും സാഹസിക വിനോദസഞ്ചാര സാധ്യതകളുമാണ് വാഗമൺ തുറന്നിടുന്നത്. ഗ്ലാസ് ബ്രിഡ്ജാണ് ആകർഷകമായ മറ്റൊരുകേന്ദ്രം.

പാറക്കൂട്ടക്കളിൽ ഒരു റോക്ക് ക്ലൈംബിങ്ങിനും ട്രക്കിങ്ങിനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം അവസരമുണ്ട്. വ്യത്യസ്ത പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും വാഗമണ്ണിനെ വ്യത്യസ്ഥമാക്കുന്നു. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനാണ് ഏറെ സഞ്ചാരികളെ ആകർഷിച്ച മറ്റൊരുകേന്ദ്രം. 3,15,317 പേർ ഈ വർഷം ഇവിടെയെത്തി. രാമക്കൽമേട്, പാഞ്ചാലിമേട്, ശ്രീനാരായണപുരം വെള്ളച്ചാട്ടം, ആമപ്പാറ, ഇടുക്കി ഹിൽവ്യൂ പാർക്ക്, മാട്ടുപ്പെട്ടി, അരുവിക്കുഴി എന്നിവിടങ്ങളും ഹിറ്റായി.