മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ക്ഷേത്ര ദർശനത്തിനെന്ന വ്യാജേന സ്ത്രീകളെ ബസുകളിൽ കയറ്റിക്കൊണ്ടുപോയി മറ്റൊരു ജില്ലയിൽ നിർബന്ധിച്ച് വോട്ട് ചെയ്യിപ്പിച്ചതായാണ് പരാതി. ജനുവരി 15-ന് നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. ബീഡ് ജില്ലയിലെ ഗേവ്രൈ താലൂക്ക് സ്വദേശിനിയായ സ്ത്രീയാണ് ബീഡ് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്.

സ്വയം സഹായ സംഘത്തിന്റെ യോഗമുണ്ടെന്നും അതിനുശേഷം പൂനെ ജില്ലയിലെ ജെജൂരിയിലുള്ള ഖണ്ഡോബ ക്ഷേത്രത്തിൽ ദർശനം നടത്താമെന്നും വിശ്വസിപ്പിച്ചാണ് സ്ത്രീകളെ സംഘടിപ്പിച്ചത്. ഇത് വിശ്വസിച്ച് നാല് ബസുകളിലായി നിരവധി സ്ത്രീകൾ യാത്ര തിരിച്ചു. എന്നാൽ ഇവരെ പിംപ്രി-ചിഞ്ച്‌വഡിലെത്തിച്ച് ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് ചെയ്യാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

വോട്ടിംഗ് നടപടികളെക്കുറിച്ചോ എവിടെയാണ് വോട്ട് ചെയ്യേണ്ടതെന്നോ തനിക്ക് അറിവില്ലായിരുന്നുവെന്ന് യുവതി പറയുന്നു. വോട്ട് ചെയ്യിപ്പിച്ചതിന് പിന്നാലെ ഇവരെ പൊലീസ് പിടികൂടിയിരുന്നു. വോട്ടെടുപ്പ് ദിവസം വൈകുന്നേരം ആറുമണിയോടെയാണ് ഇവരെ വിട്ടയച്ചത്. തന്നെ വഞ്ചിച്ച സ്ത്രീക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നതെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

വോട്ട് ചെയ്യുന്നതിന് പ്രതിഫലമായി താൻ ആരിൽ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും യുവതി വ്യക്തമാക്കി. സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണം മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.