സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾ പൂർത്തിയാക്കിയാണ് ശനിയാഴ്ച (21.02.2026) പട്ടിക പുറത്തിറക്കിയത്. പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടർമാരാണുള്ളത്.

അന്തിമ പട്ടികയിൽ സ്ത്രീ വോട്ടർമാരാണ് കൂടുതലുള്ളത്. 1,38,27,319 സ്ത്രീകളും 1,31,26,048 പുരുഷന്മാരുമാണ് പട്ടികയിലുള്ളത്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 277 പേരുണ്ട്. പ്രവാസി വോട്ടർമാർ 2,23,558 ഉം സർവീസ് വോട്ടർമാർ 54,110 ഉം ആണ്. കന്നി വോട്ടർമാരായ 18-19 പ്രായപരിധിയിലുള്ള 4,24,518 പേരും 85 വയസിൽ അധികമുള്ള 2,04,608 പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അന്തിമ പട്ടികയിൽ വോട്ടുണ്ടോയെന്ന് https://electoralsearch(dot)eci(dot)gov(dot)in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാം.

2025 ഒക്ടോബറിലെ വോട്ടർ പട്ടികയിൽനിന്ന് ഏകദേശം 9 ലക്ഷത്തോളം പേർ പുറത്തായിട്ടുണ്ട്. ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. എസ്ഐആറിന്റെ ആദ്യഘട്ട നടപടികൾ തുടങ്ങിയത് 24.08 ലക്ഷം പേരെ ഒഴിവാക്കിയാണ്. പിന്നീട് ഡിസംബറിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2.54 കോടി വോട്ടർമാരാണുണ്ടായിരുന്നത്. മരിച്ചവർ, വിദേശപൗരത്വം സ്വീകരിച്ചവർ, താമസസ്ഥലം മാറിയവർ, ഇതിനോടകം ഉൾപ്പെട്ടവർ തുടങ്ങിയ കാരണങ്ങളാലാണ് കരട് പട്ടികയിൽനിന്ന് 53,229 പേരെ ഒഴിവാക്കിയത്.

തുടർന്ന് സംസ്ഥാനത്താകെ ഹിയറിങ് നടത്തിയിരുന്നു. പുതുതായി അപേക്ഷ നൽകിയവരിൽ നിന്നുൾപ്പെടെ പരിശോധന നടത്തി 15 ലക്ഷത്തോളം പേരെ കൂടി ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. അന്തിമ വോട്ടർ പട്ടിക ആയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയം വരെ ഇനിയും പുതിയ വോട്ടർമാർക്കു പേര് ചേർക്കാൻ അവസരമുണ്ട്. അതേസമയം, ഒരു വീട്ടിലുള്ളവർക്ക് തന്നെ വിവിധ ബൂത്തുകളിലായി വോട്ടുകൾ മാറിപോയെന്ന ആക്ഷേപവും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഉയരുന്നുണ്ട്.