പശ്ചിമ ബംഗാളിലെ വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധനയുമായി (SIR) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കാൻ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. വോട്ടർപ്പട്ടികയിലെ അവകാശവാദങ്ങളും പരാതികളും തീർപ്പാക്കുന്നതിന് നിലവിലുള്ളതും വിരമിച്ചതുമായ ജില്ലാ ജഡ്ജിമാരെ നിയോഗിക്കാനാണ് കോടതി നിർദ്ദേശിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതിനായി ആവശ്യമായ ഉദ്യോഗസ്ഥരെ വിട്ടുനൽകാൻ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജുഡീഷ്യൽ ഓഫീസർമാർക്ക് ആവശ്യമായ സുരക്ഷയും ലോജിസ്റ്റിക് പിന്തുണയും ഉറപ്പാക്കാൻ ജില്ലാ കളക്ടർമാർക്കും എസ്പിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ കോടതി ഉത്തരവുകളായി തന്നെ പരിഗണിക്കപ്പെടും. അവരെ സഹായിക്കാൻ മൈക്രോ ഒബ്‌സർവർമാരെയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും നിയോഗിക്കും. ഫെബ്രുവരി 28-നകം കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി അനുമതി നൽകി.

2002-ലെ വോട്ടർപ്പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ രക്ഷിതാക്കളുടെ പേരിലെ മാറ്റങ്ങൾ, വോട്ടറും രക്ഷിതാവും തമ്മിലുള്ള പ്രായവ്യത്യാസം (15 വയസ്സിൽ കുറവോ 50 വയസ്സിൽ കൂടുതലോ ആകുന്നത്) തുടങ്ങിയ പൊരുത്തക്കേടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. വിഷയത്തിൽ ചീഫ് സെക്രട്ടറി, ഡിജിപി, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ശനിയാഴ്ചയ്ക്കകം യോഗം ചേരാൻ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി നിർദ്ദേശം നൽകി.