അറ്റ്‌ലാന്റിക് സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാര കപ്പലിൽ ഹാൻ്റാ വൈറസ് (Hantavirus) പടരുന്നതായി റിപ്പോർട്ട്. രോഗബാധയെ തുടർന്ന് വയോധിക ദമ്പതികൾ ഉൾപ്പെടെ മൂന്ന് മരണം സംഭവിച്ചതായി ലോകാരോഗ്യ സംഘടനയും ദക്ഷിണാഫ്രിക്കൻ ആരോഗ്യ വകുപ്പും അറിയിച്ചു. കപ്പലിലുള്ള കൂടുതൽ യാത്രക്കാർക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ അന്താരാഷ്ട്ര തലത്തിൽ ആരോഗ്യ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

മരിച്ച മൂന്ന് പേർക്ക് പുറമെ മറ്റ് മൂന്ന് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ രണ്ട് പേർ കപ്പൽ ജീവനക്കാരാണ്. രോഗം ബാധിച്ചവരിൽ ഒരാളെ ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചു. കപ്പലിലുള്ള മറ്റ് രണ്ട് രോഗികളെ വൈകാതെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ലോകാരോഗ്യ സംഘടന ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം.

ഡച്ച് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ നിലവിൽ പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്തുള്ള കേപ് വെർഡെയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കപ്പലിലുള്ള യാത്രക്കാരെ ആരെയും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. പ്രാദേശിക പോലീസും ആരോഗ്യ വിദഗ്ധരും കപ്പലിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കപ്പലിനുള്ളിൽ ശുചിത്വ നടപടികൾ കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

സാധാരണയായി എലികൾ ഉൾപ്പെടെയുള്ള ചെറുമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അപൂർവ വൈറസാണ് ഹാൻ്റാ വൈറസ്. രോഗബാധിതരായ എലികളുടെ മൂത്രം, വിസർജ്യം, ഉമിനീർ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. മനുഷ്യരിലെത്തിയാൽ ശ്വാസകോശത്തെയും വൃക്കകളെയും ഇത് ഗുരുതരമായി ബാധിക്കും. ആദ്യഘട്ടത്തിൽ പനി, തലവേദന, ശരീരവേദന, ഛർദ്ദി എന്നീ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയാൽ മരണം ഒഴിവാക്കാൻ സാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.