ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യവുമായി പാർട്ടി പ്രവർത്തകർ. ചെന്നൈയിൽ നടന്ന പാർട്ടിയുടെ ഭാരവാഹികളുടെയും പ്രവർത്തകരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
പെരമ്പൂർ മണ്ഡലത്തിലെ ടിവികെ ഭാരവാഹികളാണ് വിജയ് അവിടെ മത്സരിക്കണമെന്ന പ്രമേയം മുന്നോട്ടുവെച്ചത്. ഈ ആവശ്യം പാർട്ടി നേതൃത്വത്തിന് കൈമാറാൻ യോഗം തീരുമാനിച്ചു.
ചെന്നൈയിലെ തൊഴിലാളികൾക്കും സാധാരണക്കാർക്കും വലിയ സ്വാധീനമുള്ള മണ്ഡലമാണ് പെരമ്പൂർ. ഇവിടെ വിജയ് മത്സരിക്കുന്നത് തമിഴ്നാട്ടിലുടനീളം വലിയ തരംഗം സൃഷ്ടിക്കുമെന്നും ഡിഎംകെയുടെ കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ സഹായിക്കുമെന്നുമാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
പാർട്ടി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ വിജയ് നേരിട്ട് മത്സരിക്കണമെന്നത് അണികളുടെ ആഗ്രഹമാണ്. പെരമ്പൂരിന് പുറമെ മറ്റ് ചില മണ്ഡലങ്ങളിൽ നിന്നും സമാനമായ ആവശ്യങ്ങൾ ഉയരുന്നുണ്ട്. പാർട്ടിയുടെ ജനറൽ സെക്രട്ടറി ആദവ് അർജുനയുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. നിലവിൽ ആർ.ഡി. ശേഖറാണ് പെരന്പൂരിലെ സിറ്റിംഗ് എംഎൽഎ.



