ദളപതി വിജയിയുടെ ‘ജനനായകൻ’ സിനിമയുടെ നിർമ്മാതാക്കൾ സെൻസർ ബോർഡിനെതിരെ (CBFC) ഒരു മാസമായി നടത്തിവന്ന നിയമപോരാട്ടം അവസാനിപ്പിച്ചു. മദ്രാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകി.
ചൊവ്വാഴ്ച രാവിലെ 10.30-ന് ജസ്റ്റിസ് പി ടി ആശയുടെ സിംഗിൾ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ഇതോടെ ചിത്രത്തിൻ്റെ റിലീസിന് മുന്നിലുണ്ടായിരുന്ന പ്രധാന നിയമതടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്. ഇനി ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഫെബ്രുവരി 9-നാണ് സിബിഎഫ്സിക്കെതിരായ റിട്ട് ഹർജി പിൻവലിക്കാൻ നിർമ്മാതാക്കൾ അപേക്ഷ നൽകിയത്. കോടതി നടപടികളുമായി മുന്നോട്ട് പോകുന്നതിന് പകരം റിവൈസിംഗ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ചിത്രം സെൻസർ ചെയ്യുന്നതാണ് വേഗത്തിൽ റിലീസ് ചെയ്യാൻ നല്ലതെന്ന തീരുമാനത്തിലാണ് നിർമ്മാതാക്കൾ ഹർജി പിൻവലിച്ചത്.



