തമിഴ്നാട്ടിലെ വോട്ടിന് പണം നൽകുന്ന സംസ്‌കാരം അവസാനിപ്പിക്കണമെന്ന് തമിഴ്ക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് . വോട്ട് വാങ്ങാൻ ആർക്കും അവകാശമില്ലെന്നും, വോട്ട് ഓരോ പൗരന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ‘കലൈഞ്ജർ മഹിള ഉത്തമൈ തിട്ടം’ വഴി ഗുണഭോക്താക്കളായ സ്ത്രീകൾക്ക് അയ്യായിരം രൂപ വീതം വിതരണം ചെയ്തതിനെ പരോക്ഷമായി വിമർശിക്കുന്നതായിരുന്നു വിജയിയുടെ പരാമർശം.
വീണ്ടും അധികാരത്തിൽ വന്നാൽ നിലവിലെ പ്രതിമാസ ധനസഹായം ആയിരം രൂപയിൽ നിന്ന് രണ്ടായിരം രൂപയായി വർദ്ധിപ്പിക്കുമെന്ന ഡിഎംകെയുടെ വാഗ്ദാനത്തെയും വിജയ് വിമർശിച്ചു. ഇത്തരം തിരഞ്ഞെടുപ്പ് പ്രലോഭനങ്ങളിൽ വീഴരുതെന്ന് അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. ഡിഎംകെ സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും നിരന്തരം നുണകൾ പറയുകയാണെന്നും വിജയ് ആരോപിച്ചു. താൻ രാഷ്ട്രീയത്തിലേക്ക് വന്നത് വോട്ട് തേടിയല്ല, മറിച്ച് നീതി തേടിയാണെന്നും തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.



