എ ഐ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തമാണെന്നും എന്നാൽ അത് ദൈവത്തിന് പകരമാവില്ലെന്നും മുൻ ഗൂഗിൾ സീനിയർ വൈസ് പ്രസിഡന്റ് വിക് ഗുണ്ടോത്ര. കാലിഫോർണിയയിൽ നടന്ന ലഗാറ്റസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു കത്തോലിക്കാ വിശ്വാസിയായ അദ്ദേഹം.

താൻ ദിവസവും ബൈബിൾ പഠനത്തിന് എ ഐ ഉപയോഗിക്കാറുണ്ടെന്ന് ഗുണ്ടോത്ര വെളിപ്പെടുത്തി. രണ്ടായിരം വർഷത്തെ സഭാചരിത്രവും പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളും നിമിഷങ്ങൾക്കുള്ളിൽ വിശകലനം ചെയ്യാൻ എ ഐ ക്ക് കഴിയുന്നത് അത്ഭുതകരമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനിയായി വളർന്ന അദ്ദേഹം പിന്നീട് നിരീശ്വരവാദിയാവുകയും നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയുമായിരുന്നു. സഭാപിതാക്കന്മാരുടെ എഴുത്തുകളെക്കുറിച്ചുള്ള അറിവ് തന്റെ മാറ്റത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം ഓർമ്മിച്ചു.

എ ഐ ​യെ മനുഷ്യർ ദൈവത്തെപ്പോലെ ആരാധിക്കുന്ന കാലം വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തീയും ചക്രവും പോലെ വലിയൊരു കണ്ടുപിടുത്തമാണെങ്കിലും എ ഐ വെറുമൊരു ഉപകരണം മാത്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.