അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരേ തട്ടുപൊളിപ്പൻ ജയവുമായി കേരളം. രാജസ്ഥാൻ ഉയർത്തിയ 344 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം അവസാന പന്തിൽ ഏദൻ ആപ്പിൾ ടോം പറത്തിയ സിക്‌സറിലൂടെ തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു.

സ്‌കോർ: രാജസ്ഥാൻ – 343/7 (50), കേരളം – 348/8 (50).

ബാബ അപരാജിതിന്റെ സെഞ്ചുറിയും കൃഷ്ണ പ്രസാദിന്റെ അർധ സെഞ്ചുറിയും വാലറ്റത്ത് ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ എന്നിവരുടെ ഇന്നിങ്‌സുകളുമാണ് കേരളത്തിന് എന്നും ഓർത്തിരിക്കാവുന്ന ജയം സമ്മാനിച്ചത്.

344 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളം തുടക്കത്തിൽ തന്നെ ഞെട്ടിയിരുന്നു. ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ രോഹൻ കുന്നുമ്മൽ (0) പുറത്ത്. എന്നാൽ രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ബാബ അപരാജിതും കൃഷ്ണ പ്രസാദും 153 പന്തിൽ നിന്ന് 155 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ കേരളത്തിന് പ്രതീക്ഷയായി. എന്നാൽ 61 പന്തിൽ നിന്ന് 53 റൺസുമായി കൃഷ്ണ പ്രസാദ് മടങ്ങി. പിന്നാലെ വിഷ്ണു വിനോദിനെ കൂട്ടുപിടിച്ച് ബാബ അപരാജിത് 48 റൺസ് സ്‌കോർ ബോർഡിലെത്തിച്ചു. 33-ാം ഓവറിൽ 22 പന്തിൽ നിന്ന് 28 റൺസുമായി വിഷ്ണു മടങ്ങി. പിന്നാലെ സെഞ്ചുറി നേടിയ ബാബ അപരാജിതും പുറത്തായതോടെ കേരളം ഒന്ന് പതറി. 116 പന്തിൽ നിന്ന് നാല് സിക്‌സും 12 ഫോറുമടക്കം 126 റൺസെടുത്താണ് താരം പുറത്തായത്.

പിന്നാലെ കൃത്യമായ ഇടവേളകളിൽ മുഹമ്മദ് അസ്ഹറുദ്ദീൻ (28), ഷറഫുദ്ദീൻ (11), സൽമാൻ നിസാർ (18) എന്നിവരെ നഷ്ടമായ കേരളം ഒരു ഘട്ടത്തിൽ 44.5 ഓവറിൽ ഏഴിന് 287 റൺസെന്ന നിലയിലായിരുന്നു. ഏവരും പ്രതീക്ഷ കൈവിട്ട സമയം പക്ഷേ ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും ചേർന്ന് പോരാട്ടം നയിച്ചു. 26 പന്തിൽ നിന്ന് 46 റൺസ് ചേർത്ത ഈ സഖ്യം കളി അവസാന ഓവറിലേക്ക് നീട്ടി. ആദ്യ പന്തിൽ സിക്‌സറടിച്ച അങ്കിത് ശർമയെ രണ്ടാം പന്തിൽ നഷ്ടമായെങ്കിലും ആ ഓവറിൽ ഏദൻ പറത്തിയ രണ്ട് സിക്‌സറുകൾ മത്സരത്തിന്റെ വിധിയെഴുതി. ഒടുവിൽ അവസാന പന്തിൽ ജയിക്കാൻ രണ്ടു റൺസ് വേണമെന്നിരിക്കേ ഏദന്റെ സിക്‌സറിലൂടെ കേരളത്തിന് ആവേശ ജയം.

അങ്കിത് 22 പന്തിൽ നിന്ന് 27 റൺസെടുത്തപ്പോൾ ഏദൻ 18 പന്തിൽ നിന്ന് അഞ്ച് സിക്‌സും ഒരു ഫോറുമടക്കം 40 റൺസോടെ പുറത്താകാതെ നിന്നു. നേരത്തേ കരൺ ലാംബയുടെ സെഞ്ചുറിയും ദീപക് ജാഗ്ബിർ ഹൂഡയുടെ അർധ സെഞ്ചുറിയുമാണ് രാജസ്ഥാന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. കരൺ 131 പന്തിൽ നിന്ന് 119 റൺസോടെ പുറത്താകാതെ നിന്നു. ദീപക് 83 പന്തിൽ നിന്ന് 86 റൺസെടുത്തു.