വെഞ്ഞാറമൂട്: പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ബൈക്ക് യാത്രക്കാരനായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22), ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാട്ടാക്കട കൊറ്റൻകുഴി തൊഴുക്കൽകോണം എസ്ജെ നിവാസിൽ ജൂലി ഇഗ്നേഷ്യസ് (20) എന്നിവരാണ് മരിച്ചത്.
ദേശീയ കബഡിതാരവും രണ്ടാംവർഷ ബിരുദവിദ്യാർഥിനിയുമായ ജൂലി പിരപ്പൻകോടുള്ള ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
പിരപ്പൻകോട് – വെഞ്ഞാറമൂട് റിംഗ് റോഡിൽ പിരപ്പൻകോടിന് സമീപം കുന്നത്തുനടയിലാണ് അപകടം. പാറയുമായി അമിത വേഗത്തിലെത്തിയ ടോറസ് ലോറി മതിലിലിടിച്ച് മറിയുകയായിരുന്നു. കാറും ബൈക്കും പൂർണമായും തകർന്നു. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വരികയായിരുന്നു അപകടത്തിൽപ്പെട്ട വാഹനങ്ങൾ. ലോറി ഡ്രൈവർ അപകടമുണ്ടായ ഉടൻ ഓടി രക്ഷപ്പെട്ടു.
അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നും പറയുന്നു .
കയറ്റവും കൊടുംവളവുമുള്ള സ്ഥലത്തായിരുന്നു അപകടം. സ്ഥലത്തെക്കുറിച്ചറിയാതെ നിറയെ ലോഡുമായി വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാതെ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.



