എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധിയിൽ പ്രതികരണവുമായി ശിവഗിരി മഠം. വിധിയെ സ്വാഗതം ചെയ്ത മഠാധിപതി സ്വാമി സച്ചിദാനന്ദ, എസ്.എൻ.ഡി.പി യോഗം ഇപ്പോൾ വെറും ഒരു ആൾക്കൂട്ടമായി മാറിയിരിക്കുകയാണെന്ന് വിമർശിച്ചു.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പ്രാവർത്തികമാക്കാൻ യോഗത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.”ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്” എന്ന ഗുരുദേവന്റെ വചനങ്ങൾക്ക് പകരം, അടുത്ത കാലത്തായി ജാതി ചോദിക്കണമെന്നും വിചാരിക്കണമെന്നുമുള്ള വ്യാഖ്യാനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
മുൻകാലങ്ങളിൽ ഗുരു നേടിയെടുത്ത നേട്ടങ്ങളിൽ നിന്ന് സമുദായം പിന്നാക്കം പോകുകയാണ്. അയ്യപ്പൻ ഉൾപ്പെടെയുള്ള നവോത്ഥാന നായകർ ആരും തന്നെ സ്വന്തം ജാതി പറയുകയോ മറ്റ് സമുദായങ്ങളെ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നും, എല്ലാ സമുദായങ്ങളെയും ഒന്നിപ്പിച്ചു കൊണ്ടുപോവുകയാണ് ഗുരു ചെയ്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



