ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ രണ്ട് പുതിയ ഉത്തരവുകൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. ദ്വീപ് നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനെന്ന പേരിൽ വാഹന നിരോധനം ഏർപ്പെടുത്തിയ ഭരണകൂടം തന്നെ, മറുവശത്ത് ദ്വീപിൽ മദ്യവിൽപ്പനയ്ക്ക് ഔദ്യോഗികമായി ലൈസൻസ് നൽകിയതാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. ഈ ഭരണപരിഷ്കാരങ്ങളെ രൂക്ഷമായി പരിഹസിച്ച് സാമൂഹ്യ പ്രവർത്തക രംഗത്തെത്തിയതോടെ വിഷയം സോഷ്യൽ മീഡിയയിലും ചർച്ചയായി.
2026 ഫെബ്രുവരി 17-ന് ജില്ലാ കളക്ടർ ഡോ. ആർ. ഗിരി ശങ്കർ ഒപ്പിട്ടിറക്കിയ ഉത്തരവ് പ്രകാരം, ഫെബ്രുവരി 25 മുതൽ ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചയും ‘നോ വെഹിക്കിൾ ഡേ’ ആയിരിക്കും. ആളുകളെ നടത്തത്തിനും സൈക്ലിംഗിനും പ്രേരിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്താനും, മലിനീകരണം കുറയ്ക്കാനുമാണ് ഈ നടപടിയെന്ന് ഉത്തരവിൽ പറയുന്നു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വാഹന നിരോധന ഉത്തരവിന് പിന്നാലെയാണ് മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ മറ്റൊരു ഉത്തരവ് കൂടി പുറത്തുവന്നത്. ലക്ഷദ്വീപ് ടൂറിസത്തിന് കീഴിലുള്ള ‘സ്പോർട്സ്’ (SPORTS – Society for Promotion of Nature Tourism and Sports) ജനറൽ മാനേജർക്കാണ് ലൈസൻസ് നൽകിയിരിക്കുന്നത്. ഇത് പ്രകാരം ബിത്ര ദ്വീപിലെ (Bitra Island) ഡാക്ക് ബംഗ്ലാവിൽ മദ്യം സൂക്ഷിക്കാനും, പെർമിറ്റ് ഉള്ളവർക്ക് നൽകാനും അനുമതിയുണ്ട്. ഈ ഉത്തരവിലും ജില്ലാ കളക്ടർ തന്നെയാണ് ഒപ്പുവെച്ചിരിക്കുന്നത്.
ഭരണകൂടത്തിന്റെ ഈ ഇരട്ടത്താപ്പിനെതിരെ ‘ആയിഷ ലക്ഷദ്വീപ്’ എന്ന ഫേസ്‌ബുക്ക് പേജിലൂടെ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ‘ബുദ്ധിയും ബോധവുമുള്ള ആരും അവിടെ ഇല്ലേ?’ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ബുധനാഴ്ചയാണ് ഐഷ സുൽത്താന നോ വെഹിക്ൾ ഡേ സംബന്ധിച്ച പോസ്റ്റ് പങ്കിട്ടത്.
‘മലിനീകരണം നിയന്ത്രിക്കാനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുമാണ് ബുധനാഴ്ചകളിൽ വാഹന നിരോധനം ഏർപ്പെടുത്തിയത് എന്നാണ് പറയുന്നത്. എന്നാൽ കള്ളുകച്ചവടത്തിന് ലൈസൻസ് കൊടുക്കുന്നത് ജനങ്ങളുടെ ഹെൽത്ത് കെയറിങ്ങിൽ ഉൾപ്പെട്ടതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല,’ പോസ്റ്റിൽ പരിഹസിക്കുന്നു.
ഐഷ സുൽത്താനയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
സുഹൃത്തുക്കളെ… ദ്ദേ അടുത്ത അതി വിചിത്രമായ ഓഡർ കൂടി പുറപെടുവിച്ചിരിക്കുകയാണ് നമ്മുടെ ലക്ഷദ്വീപ് ഗവർമെന്റ്… (ബുദ്ധിയും ബോധവുമുള്ള ആരും അവിടെ ഇല്ലേ
)
:പൊല്യൂഷ്യൻ കണ്ട്രോൾ ചെയ്യാനും, ദ്വീപിലെ സാധാരണ ജനങളുടെ ഹെൽത്ത് കേറിങ്ങിന്റെയും ഭാഗമായിട്ടാണ് എല്ലാം ബുധനാഴ്ച ദിവസങ്ങളിലും ആരും വാഹനങ്ങൾ ഓടിക്കാൻ പാടില്ല എന്ന പുതിയൊരു ഓഡർ ഇറക്കിയത് എന്നതാണ് നാം ഇന്നലെ കണ്ടതെങ്കിൽ, ഇന്നിപ്പോ കാണുന്ന കാഴ്ച ചെത്ത്ലാത്ത് ദ്വീപിലേക്ക് കള്ള് കച്ചോടം നടത്താനുള്ള ലൈസൻസ് കൊടുത്തിട്ടുള്ള ഓഡറാണ്… ![]()
ലക്ഷദ്വീപ് ഗവർമെന്റിന്റെ ഈ കള്ള് കച്ചോടം ജനങളുടെ ഹെൽത്കേറിങ്ങിൽ ഉൾപ്പെട്ടതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല…
ഇത്രയും സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കുന്ന ജനങ്ങളെ പൊല്യൂഷന്റെ പേരും പറഞ്ഞു കണ്ണു കെട്ടിച്ചു കൊണ്ട് കള്ള് കച്ചോടത്തിനു ഇറങ്ങുന്ന ഒരു ഗവർമെന്റിനെ ഈ ലോകത്ത് വേറെ എവിടെയും കാണാൻ സാധിക്കില്ല എന്നതാണ് സത്യം… ![]()
അല്ലെ? ലക്ഷദ്വീപ് ജനങ്ങളെ പുകച്ചു പുറത്ത് ചാടിച്ചിട്ട് ദ്വീപുകളിൽ ജെഫ്രി എപ്സ്റ്റിൻ പരിപാടികൾ ഒപ്പിക്കാനുള്ള ഒരുക്കത്തിൽ വല്ലതുമാണോടെ… ഇതൊക്കെ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു… ![]()



