തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ കെഎസ്യു നേതാക്കളെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചു പേരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ ദിവസം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെഎസ്യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷൻ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിക്കുകയായിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് അതിക്രമമുണ്ടായത്. മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണെന്നും കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസും കെഎസ്യുവും ആരോപിക്കുന്നു.



