മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ 26 കിലോയോളം ചന്ദന തടികൾ കാണാനില്ലെന്ന് ആക്ഷേപം. ചന്ദനത്തടികൾ ക്ഷേത്രത്തിലെ ഉന്നതർ കടത്തിയെന്ന് ബിജെപി ആരോപിച്ചു. എന്നാൽ, ചന്ദനത്തടികൾ ദ്രവിച്ചു പോയതാണെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. വിവാദത്തിന് പിന്നാലെ ക്ഷേത്രത്തിലെത്തിയ മലബാർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ രേഖകൾ പരിശോധിച്ചു. 2014 ലാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വള്ളിയൂർക്കാവ് ക്ഷേത്ര പരിസരത്ത് നിന്നിരുന്ന ചന്ദന മരങ്ങൾ മുറിച്ച് സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നത്. 131 കിലോ ആയിരുന്നു തൂക്കം. ക്ഷേത്ര ആവശ്യത്തിന് ഉപയോഗിച്ചിരുന്ന ചന്ദനത്തിന്‍റെ കണക്ക് 2021 വരെ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് അതുണ്ടായില്ല. 2023 നടത്തിയ ഓഡിറ്റിങ്ങിൽ 26 കിലോ തൂക്ക വ്യത്യാസം വന്നതാണ് ഇപ്പോൾ വിവാദമായത്. മുൻപ് ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ചേർന്ന് ചന്ദനത്തടികൾ കടത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്.

എന്നാൽ, കാതൽ കുറവുള്ള ചന്ദനത്തടികൾ ആയിരുന്നുവെന്നും ഇത് ചിതൽ എടുത്ത് ദ്രവിച്ചതാണ് തൂക്കം കുറയാനുള്ള കാരണം എന്നുമാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. സംഭവത്തിൽ അസ്വഭാവികത ഇല്ലെന്നും വള്ളിയൂർക്കാവ് എക്സിക്യൂട്ടീവ് ഓഫീസർ വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തടിയുടെ വെള്ളയായിരുന്ന ഭാഗങ്ങൾ ചിതലെടുക്കുകയായിരുന്നുവെന്നും എക്സിക്യൂട്ടീവ് ഓഫീസർ വിജയൻ പറഞ്ഞു. സംഭവം വിവാദമായതോടെ മലബാർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ ക്ഷേത്രത്തിൽ എത്തി രേഖകൾ പരിശോധിച്ചു. ചന്ദനത്തടികളെ കുറിച്ച് രേഖപ്പെടുത്തിയ രജിസ്റ്റർ ഉൾപ്പെടെ അസിസ്റ്റൻറ് കമ്മീഷണർ പരിശോധിച്ചു. നിലവിൽ സ്റ്റോർ റൂമിലുള്ളത് ചന്ദനത്തടികൾ ആണോ എന്നതടക്കം പരിശോധിക്കാൻ വനം വകുപ്പിനോട് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. ശബരിമല സ്വർണ്ണപ്പാളി വിഷയവും തിരുനെല്ലി ക്ഷേത്രത്തിലെ പണം സഹകരണ ബാങ്കിൽ നിന്ന് തിരികെ കിട്ടാത്തതും വിവാദമായിരിക്കെയാണ് ചന്ദനതടികളെ കുറിച്ചും ആക്ഷേപം ഉയരുന്നത്.