ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പദവി രാജിവെക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സാങ്കേതികത്വം നോക്കാതെ എത്രയും വേഗത്തിൽ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കെ.പി.സി.സി. അധ്യക്ഷൻ, വി.ഡി. സതീശൻ എന്നിവരുമായി സംസാരിച്ചെന്നും സുധീരൻ അറിയിച്ചു. “രാഹുൽ നിയമസഭാ അംഗത്വം രാജിവെച്ച് ഒഴിവായി പോകുന്നതാണ് ഉചിതം. പ്രശ്നം ഇപ്പോൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. വിഷയം ഗൗരവത്തിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയധാർമികത പ്രധാനമാണ്. കോൺഗ്രസ് പാർട്ടിയിൽ തുടരാനുള്ള ഒരു യോഗ്യതയും അദ്ദേഹത്തിനില്ല. എത്രയും പെട്ടെന്ന് പാർട്ടി നേതൃത്വം ഇയാളെ പുറത്താക്കണം,” അദ്ദേഹം വ്യക്തമാക്കി. രാഹുൽ വിഷയത്തിൽ പാർട്ടി നേതൃത്വം ഉടൻ നടപടി സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സുധീരൻ കൂട്ടിച്ചേർത്തു. പീഡന ആരോപണത്തിൽ കേസെടുത്തതിനു പിന്നാലെ രാഹുൽ ഒളിവിലാണ്. ഏഴ് ദിവസം പിന്നിടുമ്പോഴാണ് പാർട്ടിക്കുള്ളിൽ നിന്ന് എതിർപ്പുകൾ ശക്തമായിരിക്കുന്നത്.