ബി.ജെ.പിയിലേക്ക് തന്നെ ക്ഷണിച്ച ബി. ഗോപാലകൃഷ്ണന് നല്ല നമസ്കാരമെന്ന് സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ. ജനങ്ങളെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന വർഗീയ രാഷ്ട്രീയ പാർട്ടിയുമായി സന്ധിചെയ്യേണ്ട കാര്യം തനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തീവെട്ടിക്കൊള്ളക്കാരായ ചിലയാളുകളും അവരെ സംരക്ഷിക്കുന്ന നേതൃത്വവും പാർട്ടിക്കുണ്ടായി എന്നത് വാസ്തവമാണ്. എന്നാൽ പാർട്ടി നേതൃത്വത്തിനാണ് അപചയമുണ്ടായത്, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനല്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായ ബി. ഗോപാലകൃഷ്ണൻ കുഞ്ഞികൃഷ്ണനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയ പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ എം.എൽ.എ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് വി. കുഞ്ഞികൃഷ്ണനെ ബി.ജെ.പി നേതാവ് പാർട്ടിയിലേക്ക് ക്ഷണിച്ചത്.
എന്നാൽ ഇതിന് മറുപടിയായി താൻ കമ്യൂണിസ്റ്റാണെന്നും ഇനിയും കമ്യൂണിസ്റ്റായിത്തന്നെ ജീവിക്കുമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. ‘കമ്യൂണിസ്റ്റായി തന്നെ മരിക്കും. തന്റെ നിലപാടിൽ വേവലാതിപൂണ്ട ചിലർ പച്ചയ്ക്ക് കത്തിച്ചാലും തന്റെ ജീവൻ സംരക്ഷിക്കാൻ രക്തസാക്ഷി ധനരാജിന്റെ കൊലയാളികളായ ബി.ജെ.പിയിലേക്ക് പോവില്ല,’ അദ്ദേഹം വ്യക്തമാക്കി. തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും വി. കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.



