കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശൻ. തന്നിൽ ഏൽപ്പിച്ച വലിയ ഉത്തരവാദിത്തത്തിന് ടീം യുഡിഎഫിനോടും കോൺഗ്രസ് നേതൃത്വത്തോടും അദ്ദേഹം നന്ദി അറിയിച്ചു. മുഖ്യമന്ത്രി പദം ഒരു ദൈവനിയോഗമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐസിസിക്കും രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും സതീശൻ നന്ദി രേഖപ്പെടുത്തി. രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും തനിക്ക് ഏറെ പ്രിയങ്കരരായ നേതാക്കളാണെന്നും പുതുകേരളം കെട്ടിപ്പടുക്കാൻ ഇവരുടെയെല്ലാം പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് കെസി വേണുഗോപാലാണെന്നും ചെന്നിത്തല തൻ്റെ നേതാവാണെന്നും സതീശൻ പ്രത്യേകം ഓർമ്മിപ്പിച്ചു.
ജനങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം ഒന്നൊന്നായി നടപ്പിലാക്കുമെന്ന് വി ഡി സതീശൻ ഉറപ്പ് നൽകി. പുതുയുഗ സൃഷ്ടിക്കായി കഠിനാധ്വാനം ചെയ്യും. പൊതുപ്രവർത്തനത്തിൻ്റെയും രാഷ്ട്രീയ പ്രവർത്തനത്തിൻ്റെയും നിർവ്വചനം തന്നെ മാറ്റിയെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ഇന്നത്തെ നിലയിൽ വളർത്തിയത് ടീം യുഡിഎഫ് ആണെന്നും ആ ടീം വർക്ക് വരുംദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം നിലവിൽ കടന്നുപോകുന്നത് സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണ്. ഒരാൾക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്നും എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനം ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. രാഷ്ട്രീയത്തിന് അതീതമായി കേരളത്തിൻ്റെ വികസനത്തിനായി പ്രവർത്തിക്കാൻ എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.



