സംസ്ഥാനത്ത് കനത്ത ചൂടിനൊപ്പം ഉയർന്ന അൾട്രാവയലറ്റ് (യുവി) സൂചികയും രേഖപ്പെടുത്തിയതോടെ ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശം. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച (21.02.2026) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

കെഎസ്ഡിഎംഎ സ്ഥാപിച്ച വിവിധ സ്റ്റേഷനുകളിലെ കണക്കുകൾ പ്രകാരം കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യുവി ഇൻഡക്സ് അപകടകരമായ നിലയിലാണ്. ചങ്ങനാശേരി, ചെങ്ങന്നൂർ, കോന്നി സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് സൂചിക 8 ആണ് രേഖപ്പെടുത്തിയത്. യുവി ഇൻഡക്സ് 8 മുതൽ 10 വരെ രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് നൽകുന്നത്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. സൂര്യാതപം ഏൽക്കാൻ ഇത് വഴിവെക്കും. ഇതിനുപുറമെ ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾക്കും ഇത് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

യുവി ഇൻഡക്സ് ഉയർന്ന പശ്ചാത്തലത്തിൽ ജനങ്ങൾ അടിയന്തര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പകൽ 10 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാൽ ഈ സമയങ്ങളിൽ വെളിയിലിറങ്ങുന്നവർ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് അതോറിറ്റിയുടെ നിർദ്ദേശത്തിൽ പറയുന്നു.