ഉത്തർപ്രദേശിലെ ബറേലിയിൽ പണം തിരികെ ചോദിച്ച ദളിത് യുവാവിനെ പ്രാദേശിക ഗുണ്ടകൾ ക്രൂരമായി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു. മർദ്ദനത്തിന് ശേഷം യുവാവിന്റെ തലയും പുരികവും വടിച്ചുമാറ്റുകയും മീശ മുറിച്ചുകളയുകയും ചെയ്തു. മുഖത്ത് ചെളി വാരിത്തേച്ച പ്രതികൾ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ഏകദേശം ഒരു മാസം മുമ്പാണ് ഈ സംഭവം നടന്നതെങ്കിലും വീഡിയോ പുറത്തായതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പപ്പു ദിവാകർ എന്ന യുവാവാണ് ക്രൂരതയ്ക്ക് ഇരയായത്. ഇയാൾ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിയായ ചന്ദ്രസെന്നിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ട്രാക്ടർ വാങ്ങുന്നതിനായി ചന്ദ്രസെൻ തന്നിൽ നിന്ന് നാലര ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി ദിവാകർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ഈ പണം തിരികെ ചോദിച്ചപ്പോൾ ചന്ദ്രസെൻ, മകൻ പപ്പു, സുഹൃത്ത് ഗോദൻ ലാൽ എന്നിവർ ചേർന്ന് ദിവാകറിനെ ജാതീയമായി അധിക്ഷേപിക്കുകയും മർദ്ദിക്കുകയുമായിരുന്നു.