അമേരിക്കയുടെ വലിയൊരു ഭാഗത്ത് ആഞ്ഞടിച്ച അതിശക്തമായ ശൈത്യതരംഗത്തിലും മഞ്ഞുവീഴ്ചയിലും മരിച്ചവരുടെ എണ്ണം 29 ആയി ഉയർന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞുവീഴ്ച തുടരുമ്പോൾ, തെക്കൻ സംസ്ഥാനങ്ങളിൽ ഐസ് മഴ (Freezing rain) ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾ വൈദ്യുതിയും വെള്ളവുമില്ലാതെ കൊടും തണുപ്പിൽ വലയുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ദാരുണമായ വാർത്തകളാണ് പുറത്തുവരുന്നത്. മസാച്യുസെറ്റ്‌സിലും ഒഹായോയിലും മഞ്ഞുനീക്കം ചെയ്യുന്ന യന്ത്രങ്ങൾക്കിടയിൽപ്പെട്ടാണ് രണ്ട് പേർ മരിച്ചത്. അർക്കൻസാസിലും ടെക്സസിലും സ്ലെഡ്ഡിംഗ് അപകടങ്ങളിൽ കൗമാരക്കാർ കൊല്ലപ്പെട്ടു.