കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിമാനങ്ങളുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ ഈ ഭീഷണി.

അമേരിക്കൻ വിമാന നിർമ്മാതാക്കളായ ഗൾഫ് സ്ട്രീം എയറോസ്പേസിൻ്റെ ബിസിനസ് ജെറ്റുകൾക്ക് കാനഡ ഉടൻ അംഗീകാരം നൽകിയില്ലെങ്കിൽ തീരുമാനം നടപ്പിലാക്കുമെന്ന് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി.

അമേരിക്കൻ വിമാനങ്ങളായ ഗൾഫ് സ്ട്രീം 500, 600, 700, 800 ജെറ്റുകൾക്ക് സർട്ടിഫിക്കേഷൻ നൽകാൻ കാനഡ നിയമവിരുദ്ധമായി വിസമ്മതിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.