ഈ വാരാന്ത്യത്തിൽ തന്നെ ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ അമേരിക്കൻ സൈന്യം സജ്ജമായതായി റിപ്പോർട്ടുകൾ. എന്നാൽ ഈ നീക്കത്തിന് അനുമതി നൽകുന്ന കാര്യത്തിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്തു.

അതേസമയം 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ വ്യോമസേനാ വിന്യാസമാണ് മിഡിൽ ഈസ്റ്റിൽ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വാൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്യുന്നു.

മിഡിൽ ഈസ്റ്റിൽ വ്യോമ-നാവിക ആസ്തികൾ വൻതോതിൽ വർദ്ധിപ്പിച്ചതിനെത്തുടർന്ന് ഈ വാരാന്ത്യത്തിൽ തന്നെ ഇറാനെ ആക്രമിക്കാൻ സൈന്യം തയ്യാറാണെന്ന് വൈറ്റ് ഹൗസിന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഉപദേശകരുമായും സഖ്യകക്ഷികളുമായും കൂടിയാലോചനകൾ നടത്തുന്ന ട്രംപ്, സൈനിക നടപടിയുടെ ഗുണദോഷങ്ങൾ സ്വകാര്യമായി വിലയിരുത്തുകയാണ്.