പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ആഗോള എണ്ണ വിതരണം ഉറപ്പാക്കാൻ അമേരിക്കൻ നാവികസേന ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലിന് അകമ്പടി പോയെന്ന (Escort) യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ പ്രസ്താവന വിവാദമായി. ചൊവ്വാഴ്ച എക്സിൽ (X) പങ്കുവെച്ച കുറിപ്പ് പിന്നീട് അദ്ദേഹം നീക്കം ചെയ്തു.

യുദ്ധസമയത്ത് ആഗോള വിപണിയിലേക്ക് എണ്ണ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രസിഡന്റ് ട്രംപിൻ്റെ നേതൃത്വത്തിൽ നാവികസേന വിജയകരമായി ഈ ദൗത്യം നിർവ്വഹിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും എൽഎൻജി (LNG) കയറ്റുമതിയും നടക്കുന്നത് അതീവ തന്ത്രപ്രധാനമായ ഈ കടലിടുക്കിലൂടെയാണ്.