അറബിക്കടലിൽ തങ്ങളുടെ വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കണ് സമീപമെത്തിയ ഇറാനിയൻ ഡ്രോണിനെ യുഎസ് സൈന്യം വെടിവെച്ചിട്ടു. ചൊവ്വാഴ്ച നടന്ന ഈ സംഭവം വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള നയതന്ത്ര ശ്രമങ്ങൾക്കിടയിൽ പശ്ചിമേഷ്യയിൽ വീണ്ടും കടുത്ത ആശങ്ക ഉയർത്തിയിരിക്കുകയാണ്.
ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ നയതന്ത്രജ്ഞർ ശ്രമിക്കുന്നതിനിടെയാണ് ഈ പ്രകോപനമുണ്ടായത്. കരാറിൽ എത്തിയില്ലെങ്കിൽ മോശമായ കാര്യങ്ങൾ സംഭവിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ഡ്രോൺ വെടിവെച്ചിട്ട വാർത്ത പുറത്തുവരുന്നത്.
വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വ്യക്തമല്ലാത്ത ഉദ്ദേശ്യത്തോടെ വിമാനവാഹിനിക്കപ്പലിന് നേരെ പറന്ന ഇറാനിയൻ ഷഹീദ്-139 ഡ്രോണിനെ അമേരിക്ക തടയുകയായിരുന്നു. ഡ്രോൺ പ്രകോപനപരമായ രീതിയിൽ പെരുമാറിയതിനെ തുടർന്നാണ് നടപടിയെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനവാഹിനിക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്-35 യുദ്ധവിമാനമാണ് ഡ്രോണിനെ തകർത്തത്.



