ബംഗ്ലാദേശിൽ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളെ നിരോധിക്കുന്നതിനും വിവാദമായ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ പുനരാരംഭിക്കുന്നതിനുമെതിരെ അമേരിക്കൻ ജനപ്രതിനിധികൾ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന് മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ പാർട്ടികളെ മാറ്റിനിർത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തകർക്കുമെന്നും ജനാധിപത്യ പ്രക്രിയയിൽ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള സ്വതന്ത്രമായ വോട്ടെടുപ്പ് ഉറപ്പാക്കണമെന്നും യുഎസ് നിയമനിർമ്മാതാക്കൾ ആവശ്യപ്പെട്ടു.
ഫെബ്രുവരി 12-ന് ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ കോൺഗ്രസ് അംഗങ്ങളായ ഗ്രിഗറി ഡബ്ല്യു മീക്സ്, ബിൽ ഹൂയിസെംഗ, സിഡ്നി കാംലാഗർ-ഡോവ് എന്നിവർ മുഹമ്മദ് യൂനുസിന് കത്തയച്ചത്.



