ഇറാനുമായുള്ള കടുത്ത യുദ്ധം അവസാനിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ കാറ്റ്. ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിലും ഇറാന്റെ ആണവ പദ്ധതിയുടെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകൾക്ക് സാങ്കേതികവും വൈദ്യശാസ്ത്രപരവുമായ സഹായങ്ങൾ നൽകാൻ തയ്യാറാണെന്ന് ഇറാനും അറിയിച്ചതോടെ മേഖലയിലെ സംഘർഷത്തിന് അയവ് വരികയാണ്.

സമുദ്ര സുരക്ഷ ഉറപ്പാക്കുക, കപ്പലുകളുടെ പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുക, ജീവനക്കാരെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കപ്പൽ കമാൻഡർമാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് മാരിടൈം അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐ.ആർ.എൻ.എ അറിയിച്ചു. ഇറാനിയൻ തുറമുഖങ്ങളിലെ ആശയവിനിമയ ചാനലുകൾ വഴി ഈ സന്ദേശം ഔദ്യോഗികമായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇറാന്റെ പ്രാദേശിക ജലാതിർത്തിക്ക് സമീപമുള്ള കപ്പലുകൾക്കാണ് ഈ സേവനം പ്രധാനമായും ലഭ്യമാവുക.