റഷ്യൻ തടങ്കലിൽ കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോചനത്തിനായി സഹായം തേടി ഉക്രൈനിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 18 ന് വത്തിക്കാനിലെ പൊതുദർശനത്തിന് ശേഷമായിരുന്നു വൈകാരികമായ ഈ കൂടിക്കാഴ്ച. യുദ്ധത്തിൽ കാണാതാവുകയും തടവിലാക്കപ്പെടുകയും ചെയ്ത സൈനികരുടെ ഭാര്യമാരും അമ്മമാരും മക്കളും അടങ്ങുന്ന സംഘമാണ് സഹായം തേടി മാർപാപ്പയുടെ അരികിലെത്തിയത്.

‘ഹാർട്ട് ഇൻ ആക്ഷൻ’ എന്ന ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഡയറക്ടർ കാതറീന മുസ്ലോവയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് വത്തിക്കാനിലെത്തിയത്. തടവിലാക്കപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബങ്ങൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ കഷ്ടപ്പാടുകൾ അവർ മാർപാപ്പയോട് പങ്കുവച്ചു. “മാർപാപ്പയുടെ കൈകൾ മുറുകെ പിടിക്കുമ്പോൾ ലഭിച്ച ആശ്വാസം ഞങ്ങളുടെ ഹൃദയങ്ങളിൽ വലിയ പ്രതീക്ഷയാണ് നിറയ്ക്കുന്നത്,” കൂടിക്കാഴ്ചയ്ക്ക് ശേഷം മുസ്ലോവ മാധ്യമങ്ങളോട് പറഞ്ഞു.

ഉക്രൈനിലെ വടക്കൻ മേഖലയിൽ നിന്നുള്ള ആംബർ ഉപയോഗിച്ച് നിർമ്മിച്ച വിശുദ്ധ നിക്കോളാസിന്റെ ഐക്കണും, 12 വയസ്സുള്ള ഒരു പെൺകുട്ടി വരച്ച മാർപാപ്പയുടെ ചിത്രവും അവർ ലെയോ പാപ്പയ്ക്ക് സമ്മാനിച്ചു. സംഘത്തിലുണ്ടായിരുന്ന കാതറീനയുടെ പിതാവ് മരിയൂപോൾ പ്രതിരോധത്തിനിടെ തടവിലാക്കപ്പെടുകയും മൂന്ന് വർഷത്തിന് ശേഷം മോചിതനാകുകയും ചെയ്തിരുന്നു. യുദ്ധത്തടവുകാരെ മോചിപ്പിക്കുന്നതിനും റഷ്യയിലേക്ക് മാറ്റപ്പെട്ട കുട്ടികളെ തിരികെ എത്തിക്കുന്നതിനുമുള്ള വത്തിക്കാന്റെ നയതന്ത്രപരമായ നീക്കങ്ങളെ സംഘം അഭിനന്ദിച്ചു.

ഉക്രൈനിൽ ശൈത്യകാലത്ത് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് മാർപാപ്പ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജനറേറ്ററുകളും മരുന്നുകളും അടങ്ങുന്ന സഹായം വത്തിക്കാൻ നേരത്തെ ഉക്രൈനിലേക്ക് അയച്ചിരുന്നു. തടവിലാക്കപ്പെട്ട ഓരോരുത്തർക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മാർപാപ്പ സ്ത്രീകൾക്ക് ഉറപ്പുനൽകി.