റഷ്യയുമായുള്ള യുദ്ധത്തിനിടെ ശീതകാല ഒളിമ്പിക്‌സിന്റെ ഭാഗമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനത്തിന് ഉക്രൈൻ പിന്തുണ പ്രഖ്യാപിച്ചു. മിലാനോ–കോർട്ടിന ശീതകാല ഒളിമ്പിക് ഗെയിംസിനെ ആഗോള സമാധാനം ശക്തിപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കണമെന്ന് ലോക നേതാക്കളോട് പാപ്പ അഭ്യർഥിച്ചിരുന്നു.
ഫെബ്രുവരി 6 മുതൽ 22 വരെ നടക്കുന്ന വിന്റർ ഒളിമ്പിക്‌സിനിടെ വെടിനിർത്തൽ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെയും ഉക്രൈൻ പിന്തുണച്ചതായി വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ അറിയിച്ചു. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് റഷ്യയാണെന്നും അദ്ദേഹം പറഞ്ഞു.
“ഈ ആഹ്വാനത്തെ ഞങ്ങൾ പൂർണമായി പിന്തുണക്കുന്നു. ഞങ്ങൾക്ക് വെടിനിർത്തലിൽ താൽപ്പര്യമുണ്ട്. റഷ്യ ഇത് വീണ്ടും നിരസിക്കുകയാണെങ്കിൽ, സമാധാനത്തിന് തടസ്സം ആരാണെന്നും ഈ യുദ്ധം തുടരാൻ ആഗ്രഹിക്കുന്നത് ആരാണെന്നും ലോകത്തിന് വീണ്ടും വ്യക്തമായിരിക്കും,” ഉക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു. ഒളിമ്പിക് വെടിനിർത്തലെന്ന പുരാതന പാരമ്പര്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, അധികാര സ്ഥാനങ്ങളിലുള്ളവർ സംഘർഷം കുറയ്ക്കാനും സംഭാഷണത്തിനും യഥാർഥ നടപടികൾ സ്വീകരിക്കാനും ലെയോ പതിനാലാമൻ പാപ്പ ഞായറാഴ്ച ആഹ്വാനം ചെയ്തിരുന്നു.
2022 ഫെബ്രുവരിയിൽ റഷ്യ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം നാല് വർഷം പിന്നിടുമ്പോഴും, ഉക്രൈൻ റഷ്യയുമായുള്ള കടുത്ത പോരാട്ടത്തിലാണ്. റഷ്യൻ സൈന്യം ഉക്രൈനിന്റെ ഏകദേശം അഞ്ചിലൊന്ന് പ്രദേശം കൈവശപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വൈദ്യുതി ശൃംഖല ലക്ഷ്യമിട്ട് വ്യാപകമായ ബോംബാക്രമണങ്ങളും നടന്നിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി, ഉക്രൈൻ–റഷ്യ ചർച്ചകൾ പലതവണ നടന്നിട്ടുണ്ട്.



