മുംബൈയിലെ പ്രീ-സ്കൂൾ വിദ്യാഭ്യാസ നിരക്കുകൾ കണ്ട് അമ്പരന്നിരിക്കുകയാണ് ഐഐടി ബോംബെ പൂർവ്വവിദ്യാർഥിയും വെഞ്ചർ ക്യാപിറ്റൽ സ്ഥാപനത്തിൻ്റെ സ്ഥാപകനുമായ അവിരൽ ഭട്നഗർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അദ്ദേഹം ആശ്ചര്യം പങ്കുവെച്ചത്.https://d-4048691509920845939.ampproject.net/2601162341000/frame.html
മുംബൈയിലെ ഒരു സ്കൂളിൽ യുകെജി പഠനത്തിനായി ഒരു വർഷം നാലുലക്ഷം രൂപ ഫീസ് നൽകേണ്ടി വരുന്നതിനെക്കുറിച്ചാണ് അവിരൽ ഭട്നഗർ പോസ്റ്റ് ചെയ്തത്. ഐഐടി ബോംബെയിൽ നാല് വർഷത്തെ ബിടെക് പഠനത്തിനായി ചിലവാക്കിയ തുകയുമായി താരതമ്യം ചെയ്താണ് പോസ്റ്റ്. പഠനം പൂർത്തിയാക്കി ഇറങ്ങാൻ തനിക്കായതിന്റെ ഇരട്ടിയാണ് ഫീസാണെന്ന് ഇയാളുടെ കണ്ടെത്തൽ.
‘തൻ്റെ ബന്ധുവിൻ്റെ മകളുടെ യുകെജി ഫീസ് മുംബൈയിൽ പ്രതിവർഷം നാല് ലക്ഷം കടന്നിരിക്കുകയാണ്. എൻ്റെ നാല് വർഷത്തെ ഐഐടി പഠനത്തിന് ഇതിൻ്റെ പകുതി തുക മാത്രമാണ് ചിലവായത്. വിദ്യാഭ്യാസ ചിലവ് ആരും ചർച്ച ചെയ്യാത്ത ഒരു പണപ്പെരുപ്പമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ എഐ ട്യൂട്ടർമാർ ഇതിനെ വീണ്ടും താങ്ങാനാവുന്നതാക്കി മാറ്റിയേക്കാം’ – പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. സർക്കാർ സ്കൂളുകളുടെയും ആശുപത്രികളുടെയും മോശം അവസ്ഥ പ്രൈവറ്റ് മേഖലയ്ക്ക് കൊള്ളലാഭം ഉണ്ടാക്കാൻ അവസരമൊരുക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ചിലവിലെ വർധനവല്ല, മറിച്ച് ആഡംബരത്തിൻ്റെ ഭാഗമാണിതെന്നാണ് മറ്റു ചിലരുടെ വാദം. കുട്ടികളെ പഠിപ്പിക്കാൻ ഏറ്റവും കുറഞ്ഞ ചിലവിലുള്ള മാർഗ്ഗം ഹോം സ്കൂളിങ് ആണെന്ന നിർദ്ദേശവും ഉയർന്നു വന്നു.



