പിഎൻബി തട്ടിപ്പ് കേസിൽ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിക്ക് നിയമപോരാട്ടത്തിൽ വീണ്ടും തിരിച്ചടി. ഇന്ത്യയിലേക്ക് കൈമാറാനുള്ള ഉത്തരവിനെതിരായ നടപടികൾ പുനഃപരിശോധിക്കണമെന്ന നീരവ് മോദിയുടെ അപേക്ഷ ലണ്ടനിലെ ഹൈക്കോടതി (കിംഗ്‌സ് ബെഞ്ച് ഡിവിഷൻ) ബുധനാഴ്ച തള്ളി. ഈ കേസിൽ നേരത്തെ എടുത്ത തീരുമാനം പുനഃപരിശോധിക്കാൻ തക്കവണ്ണം ‘അസാധാരണമായ സാഹചര്യങ്ങൾ’ നിലവിലില്ലെന്ന് കോടതി നിരീക്ഷിച്ചു.
ബ്രിട്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ആണ് നീരവ് മോദിയുടെ ഹർജിക്കെതിരെ കോടതിയിൽ വാദിച്ചത്. ലണ്ടനിലെത്തിയ സിബിഐ സംഘം ഇതിനാവശ്യമായ തെളിവുകളും പിന്തുണയും നൽകി. സഞ്ജയ് ഭണ്ഡാരി കേസിനെ ആസ്പദമാക്കിയാണ് കേസ് വീണ്ടും പരിഗണിക്കണമെന്ന് നീരവ് മോദി ആവശ്യപ്പെട്ടത്.
എന്നാൽ ഇന്ത്യൻ അധികൃതർ കൃത്യമായ നിയമപരവും അന്വേഷണപരവുമായ നീക്കങ്ങളിലൂടെ ഈ വാദങ്ങളെ പ്രതിരോധിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് (PNB) തട്ടിപ്പുമായി ബന്ധപ്പെട്ട് 2019 മാർച്ച് മുതൽ നീരവ് മോദി യുകെയിൽ തടവിലാണ്.



