യുഎഇ: യുഎഇ:യിലെ വിമാനയാത്രക്കാർക്കിടയിൽ ഒരു പുതിയ ചർച്ചാവിഷയമാണ് “വിമാനയാത്രയ്ക്ക് 15 മിനിറ്റ് മുമ്പ് മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയോ” എന്നത്. സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് ബോർഡിംഗ് ഗേറ്റിൽ എത്താൻ ഈ സമയം മതിയെന്ന തരത്തിലുള്ള എയർപോർട്ട് തിയറി എന്ന ട്രെൻഡ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ട്രെൻഡിനെ ചിലർ പിന്തുണക്കുന്നുണ്ടെങ്കിലും മറ്റു ചിലർ ഇതിനെതിരെ രംഗത്ത് വരുന്നു. തിരക്കുള്ള സമയങ്ങളിൽ വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്ന നിർദ്ദേശവുമായി എമിറേറ്റ്സ് എയർലൈൻസ് രംഗത്ത് വന്നിട്ടുണ്ട്. എമറാത്തി പൗരൻ ആയ മൻസൂർ അലി ആണ് ഈ ആശയം മുന്നോട്ടു വന്നിരിക്കുന്നത്. മൻസൂർ അലി ഒരു യൂട്യൂബർ ആണ്. നിലവിലുള്ള യാത്രാ ശീലങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞ ഈ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാണ്.
സാധാരണയായി എയർലെെൻ അധികൃതർ നിർദ്ദേശിക്കുന്നതുപോലെ മൂന്ന് മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തേണ്ടതില്ലെന്നും 15-30 മിനിറ്റിനുള്ളിൽ സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് ബോർഡിംഗ് ഗേറ്റിൽ എത്താൻ സാധിക്കുമെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇതിന്റെ ഭാഗമായി വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ ഈ സിദ്ധാന്തം പരീക്ഷിക്കുന്ന നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്.
സാധാരണയായി, വിമാനയാത്രയ്ക്ക് 2-3 മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്നാണ് എയർലൈനുകൾ നിർദ്ദേശിക്കുന്നത്. എന്നാൽ, ‘വിമാനത്താവള സിദ്ധാന്തം’ പറയുന്നത്, നിങ്ങൾ ഓൺലൈനായി ചെക്ക്-ഇൻ ചെയ്യുകയും, ലഗേജ് ഇല്ലാത്ത നോൺ-ചെക്ക്ഡ്-ഇൻ ബാഗേജുള്ള യാത്രക്കാരനാവുകയും, ബോർഡിംഗ് പാസ് ഡിജിറ്റലായി കൈവശം വെക്കുകയും, നിങ്ങളുടെ ഗേറ്റ് കൃത്യമായി അറിയുകയും ചെയ്യുന്നുവെങ്കിൽ, വിമാനം പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നാണ്. സുരക്ഷാ പരിശോധനയ്ക്കും ഗേറ്റിലേക്കുള്ള യാത്രയ്ക്കും മാത്രമാണ് പിന്നീട് സമയം ആവശ്യമുള്ളതെന്നും ഇത് വാദിക്കുന്നു.
ഈ സിദ്ധാന്തം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രവാസികൾ ഉൾപ്പെടെയുള്ള യുഎഇയിലെ യാത്രക്കാർക്കിടയിൽ ഇതിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഈ ആശയം പ്രായോഗികമാണെന്നും തിരക്ക് ഒഴിവാക്കാൻ സഹായിക്കുമെന്നും ചിലർ വാദിക്കുന്നു. എന്നാൽ, ഭൂരിഭാഗം യാത്രക്കാരും ഈ സിദ്ധാന്തം അത്യന്തം അപകടകരവും പ്രായോഗികമല്ലാത്തതുമാണെന്ന് അഭിപ്രായപ്പെടുന്നു.
അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന സുരക്ഷാ പരിശോധനയിലെ കാലതാമസം, നീണ്ട ക്യൂ, ഗേറ്റ് മാറ്റങ്ങൾ, ബോർഡിംഗ് സമയം അവസാനിക്കുന്നത് തുടങ്ങിയ നിരവധി വെല്ലുവിളികൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുബായ് പോലുള്ള തിരക്കേറിയ വിമാനത്താവളങ്ങളിൽ 15 മിനിറ്റ് എന്നത് സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ പോലും തികയില്ലെന്ന് പലരും പറയുന്നു.
ഈ ട്രെൻഡിനെക്കുറിച്ച് ദുബായ് എയർപോർട്ട് അധികൃതർ ഒരു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. “എന്തിനാണ് ഫ്ലൈറ്റ് നഷ്ടപ്പെടുത്തുന്നത്, gate-ൽ ഇരുന്ന് ഒരു matcha ആസ്വദിച്ചൂടെ?” എന്ന തലക്കെട്ട് നൽകിയാണ് അവർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും ഈ സിദ്ധാന്തത്തോട് യോജിക്കുന്നില്ല. അവർ ഇപ്പോഴും വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 2-3 മണിക്കൂർ മുമ്പെങ്കിലും എത്തണമെന്ന് നിർബന്ധപൂർവ്വം ആവശ്യപ്പെടുന്നു.