കൊല്ലം: യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജന പ്രതിനിധിയായാണ് മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. പരാമർശത്തിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും യു പ്രതിഭ അറിയിച്ചു. ഇന്ദിരഗാന്ധി ഉൾപ്പടെ ഉള്ളവരെ ഉയർത്തി കാണിക്കുന്ന പ്രസ്ഥാനത്തിലെ നേതാവിൽ നിന്നാണ് ഇത്തരം ഒരു പരാമർശം ഉണ്ടായത്. പരാമർശം വ്യക്തിഹത്യയുടെ അങ്ങേയറ്റമാണെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു. അതേസമയം, പരാമർശത്തില്‍ ഇർഷാദ് ചക്കാലശ്ശേരി ഖേദം പ്രകടിപ്പിച്ചു. 

വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെര‍ഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീ​ഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരിയുടെ വിവാദ പരാമർശം. വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ യു പ്രതിഭ എംഎൽഎ ആയിരുന്നപ്പോള്‍ ചെയ്തില്ല, കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു വിധത്തിലുള്ള വികസനപ്രവര്‍ത്തനവും ചെയ്തിട്ടില്ല. വാക് ചാതുരിയും ശരീരത്തിന്‍റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇർഷാദ് ചക്കാലശ്ശേരിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇന്നലെ കായംകുളത്ത് വെച്ച് നടന്ന യുഡിഎഫ് കൺവെൻഷനിലായിരുന്നു സ്ത്രീവിരുദ്ധ പരാമർശം. പരാമര്‍ശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. ഈ വിഷയത്തിൽ യു പ്രതിഭ സ്വീകരിക്കാൻ പോകുന്ന നടപടിയാണ് നിര്‍ണായകം.