ചണ്ഡീഗഡ്: ഹരിയാനയിലെ സോനിപതിൽ അമിതവേഗത്തിലെത്തിയ ട്രക്ക് വഴിയരിക്കിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് രണ്ട് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. അമൃത്സർ സ്വദേശിനികളായ മൻദീപ് കൗർ (27), സഹോദരി മൻപ്രീത് കൗർ (38) എന്നിവരാണ് മരിച്ചത്. മറ്റ് കുടുംബാഗങ്ങളായ സർവ്ജീത് കൗർ, ജഗ്ജീത് കൗർ, സമീർ, വർദാൻ എന്നിവർക്ക് പരിക്കേറ്റു.
വർദാന്റെ പിറന്നാൾ ആഘോഷിക്കാനായി ഡൽഹിയിലെ തിലക് നഗറിൽ നിന്ന് മുർത്താലിലേക്ക് പോകുന്നതിനിടെയാണ് അപകടം. ലഘുഭക്ഷണം വാങ്ങാനായി കാർ സോനിപതിലെ ഹോട്ടലിന് സമീപം നിർത്തിയിട്ടിരുന്നപ്പോഴായിരുന്നു പിന്നിൽ നിന്ന് വന്ന ട്രക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൻദീപും മൻപ്രീതും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിൽ കഴിയുന്ന ട്രക്ക് ഡ്രൈവറെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു.



