വടക്കൻ കശ്മീരിലെ ബന്ദിപോരയിൽ രണ്ട് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരെ സുരക്ഷാ സേന ഞായറാഴ്ച പിടികൂടി. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ ആയുധങ്ങളോടും വെടിമരുന്നിനോടും കൂടി അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

“ഇവരിൽ നിന്ന് രണ്ട് ചൈനീസ് ഗ്രനേഡുകൾ, രണ്ട് യുബിജിഎൽ ഗ്രനേഡുകൾ, പത്ത് റൗണ്ട് എ.കെ.എസ് എന്നിവ കണ്ടെടുത്തു,” അധികൃതർ കൂട്ടിച്ചേർത്തു. എസ്.കെ. ബാല സ്വദേശിയായ അബ് മജീദ് ഗോജ്‌രി, വിജ്‌പാര സ്വദേശിയായ അബ് ഹമീദ് ദാർ എന്നിവരാണ് അറസ്റ്റിലായത്. യുഎപിഎ പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, ലഷ്‌കർ-ഇ-തൊയ്ബയുടെ (LET) ഉപസംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (TRF) എന്ന തീവ്രവാദ സംഘടനയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശ്രീനഗറിലെയും ഹന്ദ്വാരയിലെയും രണ്ട് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.