വാഷിംഗ്ടൺ ഡിസി: യേശുക്രിസ്തുവിനോടു സാമ്യമുള്ള എഐ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ രൂക്ഷവിമർശനം. ലോകമെമ്പാടുംനിന്നു പ്രതിഷേധം ശക്തമായതോടെ, ഒടുവിൽ ട്രംപ് ചിത്രം നീക്കം ചെയ്തു. മതനേതാക്കളിൽനിന്നും സ്വന്തം അനുയായികളിൽനിന്നും ദൈവനിന്ദ ആരോപിച്ച് വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു ട്രംപിന്റെ നടപടി.
ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചുവപ്പും വെള്ളയും കലർന്ന വസ്ത്രം ധരിച്ച്, കൈകളിൽനിന്നും തലയിൽനിന്നും പ്രകാശം പുറപ്പെടുന്ന രീതിയിലായിരുന്നു ട്രംപിനെ ചിത്രീകരിച്ചിരുന്നത്. അസുഖബാധിതനായ ഒരാളുടെ നെറ്റിയിൽ ട്രംപ് സ്പർശിക്കുന്നതും പശ്ചാത്തലത്തിൽ അമേരിക്കൻ പതാകയും അദ്ദേഹത്തെ ആരാധനയോടെ നോക്കിനിൽക്കുന്ന ജനക്കൂട്ടവുമാണു ചിത്രത്തിന്റെ ഉള്ളടക്കം.
വിവാദം കനത്തതോടെ വിശദീകരണവുമായി ട്രംപ് തന്നെ രംഗത്തെത്തി. താൻ യേശുവിനെപ്പോലെയാകാൻ ശ്രമിച്ചിട്ടില്ലെന്നും അതൊരു ഡോക്ടറുടെ വേഷമാണെന്നാണു താൻ കരുതിയതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. റെഡ് ക്രോസുമായി ബന്ധപ്പെട്ട കാര്യമാണെന്നാണു താൻ വിചാരിച്ചതെന്നും, താൻ ജനങ്ങളെ സുഖപ്പെടുത്തുന്ന ആളാണെന്നും ട്രംപ് അവകാശപ്പെട്ടു.
ട്രംപിനെ എപ്പോഴും പിന്തുണയ്ക്കാറുള്ള തീവ്ര ക്രിസ്ത്യൻ വിശ്വാസികളിൽനിന്നുപോലും കടുത്ത വിമർശനമാണ് ഉയർന്നത്. ട്രംപ് ചെയ്തത്, ദൈവനിന്ദയാണെന്നു യാഥാസ്ഥിതിക മാധ്യമപ്രവർത്തകരും വിമർശിച്ചു. മുമ്പും ഇത്തരം മതപരമായ ചിത്രങ്ങൾ ട്രംപ് പങ്കുവച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ പ്രതിഷേധം ആദ്യമായാണ്.
ജൂലൈ 2024ലെ വധശ്രമത്തിനു ശേഷം, താൻ ദൈവത്താൽ നിയോഗിക്കപ്പെട്ടവനാണെന്ന രീതിയിലുള്ള പ്രതിച്ഛായ വളർത്തിയെടുക്കാൻ ട്രംപ് ശ്രമിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലെയോ മാർപാപ്പയുമായി ട്രംപ് നടത്തുന്ന വാക്പോരും ഈ പുതിയ വിവാദവും കത്തോലിക്കാ വോട്ടർമാരെ ട്രംപിൽനിന്ന് അകറ്റാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ട്രംപിന്റെ കടുത്ത ആരാധകർക്കിടയിൽ പുതിയ വിവാദം വലിയ മാറ്റമുണ്ടാക്കില്ലെന്നും പിന്തുണ തുടരുമെന്നുമാണു മറ്റൊരു വിഭാഗം നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.



