അലി ഖമേനി ഭരണകൂടത്തിനെതിരെ പരസ്യമായ ഭീഷണികൾ മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണിത്. ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. ഇറാനിലെ ആയത്തുള്ള ഖൊമേനി ഭരണകൂടത്തിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന സൂചനയാണ് ട്രംപ് നൽകിയിരിക്കുന്നത്. ഇറാനിലെ ഒരു ഭരണമാറ്റം എക്കാലത്തെയും മികച്ച കാര്യമായിരിക്കുമെന്ന് ട്രംപ് പ്രസ്താവിച്ചു.
നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ യുഎസ് സൈനികരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, ടെഹ്‌റാനിൽ ഒരു ഭരണമാറ്റം ലോകത്തിന് നല്ലതായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. “അവിടെ ഒരു ഭരണമാറ്റം സംഭവിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു. ഇറാനിലെ ഇസ്ലാമിക ഭരണകൂടമായ ഖമേനിയെ ലക്ഷ്യമിട്ട്, പതിറ്റാണ്ടുകളായി യുഎസ് ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
“47 വർഷമായി അവർ സംസാരിച്ചുകൊണ്ടിരുന്നു… ഈ സമയത്ത് നമുക്ക് ധാരാളം ആളുകളെ നഷ്ടപ്പെട്ടു” എന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. മേഖലയിലെ അക്രമത്തിന്റെയും സംഘർഷത്തിന്റെയും ചിത്രം വരച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “ആളുകൾക്ക് കാലുകൾ നഷ്ടപ്പെട്ടു, കൈകൾ നഷ്ടപ്പെട്ടു, മുഖം വികൃതമായി. ഇത് വളരെക്കാലമായി തുടരുന്നു.” എന്നിരുന്നാലും, ഇറാനിലെ നിലവിലെ ഭരണകൂടത്തിന് ശേഷം ആരാണ് നേതൃത്വം ഏറ്റെടുക്കേണ്ടതെന്ന് ട്രംപ് പറഞ്ഞില്ല. ചോദ്യങ്ങൾക്ക് മറുപടിയായി, “അവിടെ ആളുകളുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.



