വാഷിംഗ്ടൺ ഡിസി: ഇറാനു നേരെയുള്ള ആക്രമണം രണ്ടാഴ്ചത്തേക്ക് നിർത്തുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഹോർമൂസ് കനാൽ ഉടൻ തുറക്കണമെന്ന നിബന്ധനയിന്മേൽ ആണ് തീരുമാനം. പാക് ശ്രമഫലമായാണ് തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തെ, ഇറാന് നൽകിയ അന്ത്യശാസനം രണ്ടാഴ്ച കൂടി നീട്ടി നൽകണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.
“മധ്യപൂർവദേശത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സമാധാനപരമായി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഈ ശ്രമങ്ങൾക്ക് ഫലം കൈവരിക്കാൻ കഴിയും. നയതന്ത്രം നടക്കുന്നതിനായി സമയപരിധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ഞാൻ പ്രസിഡന്റ് ട്രംപിനോട് ആത്മാർത്ഥമായി അഭ്യർഥിക്കുന്നു’.-ഷഹബാസ് ഷെരീഫ് എക്സിൽ കുറിച്ചു.
അതേ കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ട്രംപിനോട് അഭ്യർഥിച്ചു.
ഇറാൻ നാഗരികതയെ ഇന്ന് രാത്രി ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാന്റെ മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കും, അവർ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇന്ന് അത് സംഭവിക്കാൻ സാധ്യതയുണ്ട്. ഇറാനിൽ സമ്പൂർണവുമായ ഭരണമാറ്റം സംഭവിച്ചു. എങ്കിലും അത്ഭുതകരമായ എന്തെങ്കിലും ഒന്ന് സംഭവിക്കാം. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് രാത്രി മാറും. 47 വർഷത്തെ കൊള്ള, അഴിമതി, കൊലപാതകം എന്നിവ അവസാനിക്കും.-ട്രംപ് കുറിച്ചു.



