ഇറാൻ വിഷയത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ അന്തിമ തീരുമാനമൊന്നും ഉണ്ടായില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. വാഷിംഗ്ടണിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഇറാനുമായുള്ള ആണവ ചർച്ചകൾ തുടരാനാണ് ട്രംപ് നിർദ്ദേശം നൽകിയത്.
കഴിഞ്ഞ വർഷം ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ഇരുവരും തമ്മിൽ നടത്തുന്ന ഏഴാമത്തെ കൂടിക്കാഴ്ചയാണിത്. ചർച്ചകൾ അതീവ രഹസ്യ സ്വഭാവമുള്ളതായിരുന്നുവെന്നും മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാനുമായി ഒരു കരാറിലെത്താനാണ് തന്റെ താൽപ്പര്യമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ ട്രംപ് അറിയിച്ചു. “ഇറാനുമായുള്ള ചർച്ചകൾ തുടരണമെന്ന് ഞാൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. കരാർ സാധ്യമാകുമെങ്കിൽ അതിനാണ് മുൻഗണന. ഇല്ലെങ്കിൽ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം,” ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ഈ നിലപാടിൽ നെതന്യാഹു സംതൃപ്തനാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.



